പണപ്പിരിവും സമ്മാനങ്ങളും നിരോധിച്ചു; കുവൈറ്റിലെ സ്‌കൂളുകളിൽ അച്ചടക്കം കടുപ്പിക്കുന്നു

സ്‌കൂൾ കാന്റീനുകളുടെ പ്രവർത്തനത്തിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സുതാര്യവും അച്ചടക്കമുള്ളതുമാക്കാൻ കർശന നിബന്ധനകളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളുകളിലെ പെരുമാറ്റച്ചട്ടങ്ങൾ, അച്ചടക്കം, വിദ്യാർത്ഥികളുടെ സ്വകാര്യതാ സംരക്ഷണം, പൊതുമുതലിന്റെ വിനിയോഗം എന്നിവ ഉറപ്പാക്കുന്നതിനായി പുതിയ സമഗ്ര മാർഗ്ഗനിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ അക്കാദമിക് വർഷത്തെ റഗുലേറ്ററി ചട്ടങ്ങൾ, ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ, സിവിൽ സർവീസ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശങ്ങൾ.

സ്‌കൂളുകളിലെ പണപ്പിരിവും സമ്മാനങ്ങൾ വാങ്ങുന്നതും പൂർണ്ണമായും നിരോധിച്ചതാണ് ഉത്തരവിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. അധ്യാപകരിൽ നിന്നോ ജീവനക്കാരിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ ഒരു ആവശ്യത്തിനായും പണമോ സമ്മാനങ്ങളോ സംഭാവനകളോ സ്വീകരിക്കാൻ പാടില്ല. കൂടാതെ, സ്‌കൂൾ വളപ്പിൽ സാധനങ്ങളോ സേവനങ്ങളോ വിൽക്കുന്നതും പ്രചരിപ്പിക്കുന്നതും, വ്യക്തിപരമായോ സാമ്പത്തികമായോ ലാഭമുണ്ടാക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതും കണിശമായി വിലക്കിയിട്ടുണ്ട്. എല്ലാത്തരം സാമ്പത്തിക ഇടപാടുകളും അംഗീകൃത മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ നടത്താവൂ.

സ്‌കൂൾ കാന്റീനുകളുടെ പ്രവർത്തനത്തിലും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണ സാധനങ്ങളും പാനീയങ്ങളും എത്തിച്ച് കാന്റീനുകളിൽ വിതരണം ചെയ്യാൻ പാടില്ല. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കാന്റീനുകളിൽ നിർബന്ധമായും പാലിക്കണം. കാന്റീൻ പ്രവർത്തനങ്ങൾ ദിവസേന നിരീക്ഷിക്കാൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുകയും മാനദണ്ഡങ്ങൾ ലംഘിക്കുന്ന കരാറുകാർക്ക് വീഴ്ച തിരുത്താൻ മൂന്ന് ദിവസത്തെ സമയം നൽകുകയും വേണം. അല്ലാത്തപക്ഷം കരാർ റദ്ദാക്കും.

പുറത്തുനിന്നുള്ള അതിഥികളെ പങ്കെടുപ്പിച്ച് സ്‌കൂളുകളിൽ പരിപാടികളോ ആഘോഷങ്ങളോ സംഘടിപ്പിക്കണമെങ്കിൽ മുൻകൂട്ടി രേഖാമൂലം അനുമതി വാങ്ങണം. വിദ്യാഭ്യാസപരമായ ലക്ഷ്യമുള്ളതും സ്‌കൂളിന്റെ ഔദ്യോഗിക പ്ലാനിൽ ഉൾപ്പെട്ടതുമായ പരിപാടികൾക്ക് മാത്രമേ അനുമതി നൽകുകയുള്ളൂ. കൂടാതെ, മന്ത്രാലയത്തിന്റെയോ സ്‌കൂളിന്റെയോ പേരും ലോഗോയും വാണിജ്യപരമായ ആവശ്യങ്ങൾക്കോ പരസ്യങ്ങൾക്കോ ഉപയോഗിക്കുന്നതും പൂർണ്ണമായി വിലക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിനായി ഫോട്ടോയും വീഡിയോയും പകർത്തി സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ കുട്ടികളുടെ ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിടരുത്. സ്വകാര്യ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലോ പേജുകളിലോ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെക്കാനോ വ്യക്തിഗത വിവരങ്ങളുമായി ലിങ്ക് ചെയ്യാനോ പാടില്ല. ക്ലാസ് മുറികളിൽ പഠനാവശ്യത്തിനല്ലാതെ അധ്യാപകർ മൊബൈൽ ഫോണോ സ്മാർട്ട് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

സ്‌കൂളുകളുടെ ഔദ്യോഗിക വിവരങ്ങളോ രേഖകളോ ചോർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഔദ്യോഗിക അനുമതിയില്ലാതെ മന്ത്രാലയത്തിന് വേണ്ടിയോ സ്‌കൂളിന് വേണ്ടിയോ മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസ്താവനകൾ നടത്താൻ ആർക്കും അവകാശമില്ല. വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് തടയും. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ അന്വേഷണവും അച്ചടക്ക നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Kuwait has introduced stricter rules in schools, including restrictions on fundraising and the exchange of gifts. The measures are aimed at strengthening discipline and ensuring greater regulation of activities within educational institutions.

To advertise here,contact us