നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായി അഹമ്മദി ഗവർണറേറ്റിലെ മഹബൂലയിൽ വൻ സുരക്ഷാ പരിശോധന നടത്തി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. താമസനിയമ ലംഘകർ, പിടികിട്ടാപ്പുള്ളികൾ, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന.
അഹമ്മദി ഗവർണർ ശൈഖ് ഹമൂദ് ജാബർ അൽ-അഹമ്മദ് അൽ-സബാഹിന്റെ സാന്നിധ്യത്തിലും പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രെട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ-മുനൈഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഫഹദ് അൽ-അസ്മി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലുമാണ് സുരക്ഷാ കാമ്പയിൻ അരങ്ങേറിയത്.
പരിശോധനയിൽ വൻതോതിലുള്ള നിയമലംഘനങ്ങളും അറസ്റ്റുകളുമാണ് രേഖപ്പെടുത്തിയത്. വിവിധ ക്രിമിനൽ, സുരക്ഷാ കേസുകളിൽ ഉൾപ്പെട്ട 109 പിടികിട്ടാപ്പുള്ളികളും ഇഖാമ കാലാവധി കഴിഞ്ഞ 62 പേരും പോലീസിന്റെ പിടിയിലായി. കൂടാതെ സിവിൽ ഐഡി കൈവശമില്ലാത്ത 31 പേർ, ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയ 11 പേർ, മയക്കുമരുന്നും മദ്യക്കുപ്പികളുമായി പിടിക്കപ്പെട്ട എട്ട് പേർ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പരിശോധനാ വേളയിൽ 790 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും, കേസുകളിൽ തിരയുന്ന ഒമ്പത് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ തുടരന്വേഷണങ്ങൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Content Highlights: Kuwait has stepped up security measures with a major search and inspection operation in Ahmadi Governorate. Several people were detained during the operation as authorities intensified security checks in the area.