കുവൈറ്റിലെ കോൺസുലാർ കേന്ദ്രങ്ങളിലെ അമിത ചാർജിങ്; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി പി സുനീർ എം പി

ഐസിഎസി കേന്ദ്രങ്ങളിൽ ഈടാക്കുന്ന ആറ് കുവൈത്തി ദിനാർ സർവീസ് ചാർജും അതിന് ലഭിക്കുന്ന സേവനങ്ങളും സംബന്ധിച്ചാണ് പി പി സുനീർ എം പി പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്

കുവൈറ്റിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങളിലെ വീഴ്ചകളും ഉയർന്ന സർവീസ് ചാർജും ചൂണ്ടിക്കാട്ടി രാജ്യസഭാംഗം പിപി സുനീർ എംപി രംഗത്ത്. പ്രവാസികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ വിശദീകരിച്ച് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിക്ക് നൽകിയ കത്തിലൂടെയാണ് അദ്ദേഹം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.

ഐസിഎസി കേന്ദ്രങ്ങളിൽ ഈടാക്കുന്ന ആറ് കുവൈത്തി ദിനാർ സർവീസ് ചാർജും അതിന് ലഭിക്കുന്ന സേവനങ്ങളും സംബന്ധിച്ചാണ് പി പി സുനീർ എം പി പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അപേക്ഷാ സഹായം, ടൈപ്പിംഗ്, പ്രിന്റിംഗ്, ഫോട്ടോകോപ്പി, കൊറിയർ തുടങ്ങിയ സേവനങ്ങൾ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പല അപേക്ഷകർക്കും ഈ സൗകര്യങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നാണ് പരാതി.

അപേക്ഷകളും ഫോട്ടോകോപ്പികളും പുറത്തുനിന്ന് തയ്യാറാക്കി കൊണ്ടുവരാൻ അപേക്ഷകരോട് ആവശ്യപ്പെടുന്നത് സേവന നടപടിക്രമങ്ങളെ ബാധിക്കുന്നതായും ഇതുമൂലം നിശ്ചയിച്ചിട്ടുള്ള 30 മിനിറ്റ് ടേൺ എറൗണ്ട് ടൈം പാലിക്കപ്പെടുന്നില്ലെന്നും എം പി ചൂണ്ടിക്കാട്ടി. നിലവിലെ സേവന കേന്ദ്രങ്ങളുടെ എണ്ണത്തിലും പരാതിയുണ്ട്. ആർ എഫ് പി വ്യവസ്ഥ പ്രകാരം നാല് കേന്ദ്രങ്ങൾ പ്രവർത്തിക്കേണ്ടിടത്ത് മൂന്ന് കേന്ദ്രങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും ജിലീബ് അൽ ഷുയൂഖ്, അബ്ബാസിയ പോലുള്ള ഇന്ത്യൻ പ്രവാസികൾ കൂടുതലുള്ള മേഖലകളിൽ കേന്ദ്രങ്ങളുടെ അഭാവം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കത്തിൽ പറയുന്നു.

അറബിക്-ഇംഗ്ലീഷ് ബൈലിംഗ്വൽ ടൈപ്പിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാൽ അപേക്ഷകർ സ്വകാര്യ ടൈപ്പിംഗ് സെന്ററുകളെ ആശ്രയിക്കേണ്ടി വരുന്നതും സർവീസ് ചാർജിൽ ഉൾപ്പെടുത്തിയ കൊറിയർ സേവനം പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും എം പി വ്യക്തമാക്കി. നിലവിലെ സേവനദാതാവ് ആർ എഫ് പി വ്യവസ്ഥകളും കരാർ നിബന്ധനകളും പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ സർവീസ് ചാർജ് പഴയ നിരക്കായ ഒരു കുവൈത്തി ദിനാറായി പുനഃസ്ഥാപിക്കണമെന്നും പി പി സുനീർ എം പി ആവശ്യപ്പെട്ടു. പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എംബസിയുടെ അടിയന്തര ഇടപെടലാണ് എം.പി ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: MP P P Suneer has sought urgent action against alleged excessive charging at Indian consular centres in Kuwait. He raised concerns over the financial burden on expatriates and demanded steps to address the issue.

To advertise here,contact us