ഇറാൻ ആക്രമണം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിക്ക സര്‍വീസുകളും പുഃനക്രമീകരിച്ച് കുവൈറ്റ് എയർവേഴ്സ്

യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നിരന്തരം പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു

ഇറാന്റെ ആക്രമണത്തെ തുടര്‍ന്നുണ്ടായ മിസൈല്‍, ഡ്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫ്, ലാന്‍ഡിങ്ങ് പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിച്ചതായി കുവൈറ്റ് എയര്‍വേയ്‌സ്. മിക്ക സര്‍വീസുകളും പുഃനക്രമീകരിച്ചതായി കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ നിരന്തരം പരിശോധിക്കണമെന്ന് കമ്പനി അഭ്യര്‍ത്ഥിച്ചു. സര്‍വീസുകളിലെ മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബുക്കിങ്ങില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളിലേക്ക് എസ്എംഎസ് ഉള്‍പ്പെടെയുള്ള അറിയിപ്പുകളിലൂടെ കൈമാറുമെന്നും വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനുമായി കുവൈറ്റില്‍ നിന്ന് 171 എന്ന നമ്പറിലോ, വിദേശത്തുനിന്ന് +965 24345555 അല്ലെങ്കില്‍ 171 എന്ന നമ്പറിലോ ബന്ധപ്പെടാം. +965 1802050 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പ് സേവനവും ലഭ്യമാണ്. അതേസമയം ഇന്ന് പുലര്‍ച്ചെ കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സായുധ സേന കണ്ടെത്തി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഒതൈബി അറിയിച്ചു.

ആക്രമണത്തില്‍ കുവൈറ്റ് കരസേനയിലെ ചില സൈനികര്‍ക്ക് പരിക്കേറ്റതായും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു വൈദ്യുതി നിലയവും ജല ഡിസ്റ്റിലേഷന്‍ പ്ലാന്റും ഉള്‍പ്പെടെയുള്ള സുപ്രധാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിവിധ സ്ഥലങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് വസ്തുനാശമുണ്ടായെങ്കിലും ആളപായമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ സായുധ സേന പൂര്‍ണ സന്നദ്ധതയോടെ പ്രവര്‍ത്തനം തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait Airways has rescheduled most of its services operating through Kuwait International Airport following the latest Iranian attack and the resulting regional security concerns

To advertise here,contact us