കുവൈറ്റ് വ്യോമാതിര്‍ത്തിയിലെ ആക്രമണശ്രമം; മിസൈലുകളും ഡ്രോണുകളും പ്രതിരോധിച്ച് സൈന്യം

ഇന്ന് പുലര്‍ച്ചെ കുവൈത്ത് വ്യോമാതിര്‍ത്തി ലക്ഷ്യമാക്കി എത്തിയ ഒരു ക്രൂയിസ് മിസൈല്‍, മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍, പത്ത് ഡ്രോണുകള്‍ എന്നിവ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു

കുവൈറ്റ് വ്യോമാതിര്‍ത്തി ലക്ഷ്യമാക്കി എത്തിയ ആക്രമണശ്രമത്തെ പ്രതിരോധിച്ച് കുവൈറ്റ് സൈന്യം. ഇന്ന് പുലര്‍ച്ചെ കുവൈറ്റ് വ്യോമാതിര്‍ത്തി ലക്ഷ്യമാക്കി എത്തിയ ഒരു ക്രൂയിസ് മിസൈല്‍, മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍, പത്ത് ഡ്രോണുകള്‍ എന്നിവ വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയ വക്താവും ബ്രിഗേഡിയര്‍ ജനറലുമായ സൗദ് അല്‍ ഒതൈബി അറിയിച്ചു.

വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എല്ലാ ആക്രമണശ്രമങ്ങളും നിര്‍വീര്യമാക്കിയത്. മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പതിച്ചതിനെ തുടര്‍ന്ന് ചില ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഒരാള്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു. പരിക്കേറ്റയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം കുവൈത്ത് നേരിട്ടത് ആകെ 386 ബാലിസ്റ്റിക് മിസൈലുകളും 16 ക്രൂയിസ് മിസൈലുകളും 916 ഡ്രോണുകളുമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി സായുധ സേന അതീവ ജാഗ്രതയോടെയും പൂര്‍ണ സന്നദ്ധതയോടെയും പ്രവര്‍ത്തിച്ചുവരികയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കുനേരെ ഉണ്ടായ ആക്രമണങ്ങള്‍ തടയുകയാണെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

ജനങ്ങള്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമാക്രമണ പ്രതിരോധ സംവിധാനത്തിന്റെ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്ന് സൈന്യം അറിയിച്ചിരുന്നു. അതേ സമയം രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകള്‍ പ്രവര്‍ത്തിപ്പിച്ചതായി കുവൈറ്റ് വാര്‍ത്താ ഏജന്‍സിയായ കെയുഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബഹ്‌റൈനിലെ അമേരിക്കന്‍ സൈന്യത്തിന്റെ ഇന്ധന സംഭരണശാലകള്‍, ഖത്തറിലെ ഉപഗ്രഹ ആന്റിന കേന്ദ്രം എന്നിവിടങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഇറാന്‍ സൈന്യവും പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ലക്ഷ്യങ്ങള്‍ ഒരിക്കലും സഫലമാകാന്‍ അനുവദിക്കില്ല. ഇസ്ലാമിക വിപ്ലവത്തിന്റെ ആശയങ്ങളെ അന്തിമ വിജയം വരെ സംരക്ഷിക്കും എന്നായിരുന്നു ഇറാന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനിലെ അഞ്ച് പ്രവിശ്യകളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ ആരോഗ്യ മന്ത്രാലയവും അറിയിച്ചു.

ബുധാനാഴ്ച അതിശക്തമായ വ്യോമാക്രമണമാണ് ഇറാനില്‍ അമേരിക്ക നടത്തിയത്. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ബുഷെഹര്‍, ചാബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കുകിഴക്കന്‍ നഗരമായ കോണറാക്കിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രദേശമായ സിറികില്‍ അമേരിക്ക കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രധാന തുറമുഖ നഗരമായ ചാബഹാറില്‍ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ചില സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ബോംബാക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ നഗരമായ ബുഷെഹറിലും നിരവധി വ്യോമാക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ പ്രധാന ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന നഗരമാണിത്. എന്നാല്‍ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlight: Kuwait’s air defence systems successfully intercepted missiles and drones during an attempted attack targeting its airspace

To advertise here,contact us