കുവൈറ്റിലെ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് നല്‍കുന്ന അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ഈ മാസം 19 വരെ തുടരും

ജൂലൈ ഒന്നുമുതല്‍ ആരംഭിച്ച പരിമിതമായ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളാണ് ഈ മാസം 19 വരെ തുടരുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരിക്കുന്നത്

കുവൈറ്റിലെ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് നല്‍കുന്ന പരിമിതമായ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ ഈ മാസം 19 വരെ തുടരും. പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ കരാര്‍ സംബന്ധിച്ച കേസില്‍ ഡല്‍ഹി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയതോടെ സേവനങ്ങള്‍ പൂര്‍ണതോതില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ജൂലൈ ഒന്നുമുതല്‍ ആരംഭിച്ച പരിമിതമായ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങളാണ് ഈ മാസം 19 വരെ തുടരുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരിക്കുന്നത്.

ദിവസവും രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക. അടിയന്തര സാഹചര്യം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമാണ് സേവനം ലഭിക്കുന്നത്. തത്കാല്‍ പാസ്പോര്‍ട്ട്, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഐഡിയുടെ കാലാവധി അവസാനിക്കാറായവര്‍ക്കുള്ള ഹ്രസ്വകാല പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, ഇ-വിസ എന്നിവയാണ് നിലവില്‍ സേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ പാസ്പോര്‍ട്ട് അപേക്ഷകള്‍, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, റെഗുലര്‍ വിസ അപേക്ഷകള്‍ എന്നിവ ഇപ്പോഴും സ്വീകരിക്കുന്നില്ല. ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങളായ ഐസിഎസി വഴിയുള്ള സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂലൈ ഒന്നുമുതല്‍ കോണ്‍സുലര്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള കരാര്‍ ഡിയു ഗ്ലോബല്‍ ഡിജിറ്റലിന് ലഭിച്ചിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികള്‍ നിയമക്കുരുക്കില്‍ പെട്ടതോടെ സേവനങ്ങള്‍ തടസപ്പെട്ടു. ഇതിന് പിന്നാലെയാണ് പരിമിതമായ സേവനങ്ങള്‍ എംബസി വഴി ലഭ്യമാക്കുന്നത്.

ജൂലൈ ഒന്ന് മുതല്‍ കുവൈറ്റിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്ത് നല്‍കുന്നതിനുള്ള കരാര്‍ 'ബിഎല്‍എസ് ഇന്റര്‍നാഷണലിന്' പകരം 'ഡിയു ഗ്ലോബല്‍ ഡിജിറ്റല്‍' എന്ന കമ്പനിക്കാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഈ ടെന്‍ഡര്‍ പ്രക്രിയയില്‍ പരാജയപ്പെട്ട മറ്റ് രണ്ട് കമ്പനികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയം കടുത്ത നിയമപോരാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു. കേസില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. കോടതിയുടെ അന്തിമ വിധി വരുന്നത് വരെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യന്‍ എംബസി ജൂലൈ ഒമ്പത് വരെ സേവനങ്ങള്‍ നേരിട്ട് നല്‍കാന്‍ തീരുമാനിച്ചത്.

Content Highlights: The Indian Embassy in Kuwait has announced that limited emergency consular services for expatriates will continue until July 19

To advertise here,contact us