400 ടൺ മറൈൻ കേബിളുകൾ മോഷ്ടിച്ചു; കുവൈറ്റിൽ വൻ കൊള്ളസംഘത്തെ പിടികൂടി

അറസ്റ്റിലായവരിൽ കുവൈറ്റ് പൗരന്മാർക്ക് പുറമെ വിവിധ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

കുവൈറ്റിലെ പൊതുമേഖലാ സ്ഥാപനത്തെ നടുക്കിയ വൻ മോഷണക്കേസിൽ പ്രതികളെ പിടികൂടി ആഭ്യന്തര മന്ത്രാലയം. കുവൈറ്റ് ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള, ഏകദേശം 4,20,000 കുവൈത്തി ദിനാർ വിലമതിക്കുന്ന 400 ടൺ മറൈൻ കേബിളുകൾ മോഷ്ടിച്ച സംഘമാണ് പിടിയിലായത്. അറസ്റ്റിലായവരിൽ കുവൈറ്റ് പൗരന്മാർക്ക് പുറമെ വിവിധ അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

അഹ്മദിയിലെ കുവൈറ്റ് ഓയിൽ കമ്പനിയുടെ പ്രധാന പ്രവർത്തന കേന്ദ്രത്തിൽ നിന്നാണ് അതീവ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന 400 ടൺ ഭാരമുള്ള മറൈൻ കേബിളുകൾ സംഘം കടത്തിയത്. ഈ പൊതുമേഖലാ സ്ഥാപനത്തിലെ തന്നെ ഒരു ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മോഷണത്തിന് കൂട്ടുനിൽക്കുകയായിരുന്നു. കേബിളുകളുടെ യഥാർത്ഥ സീരിയൽ നമ്പറുകൾ മായ്ച്ചുകളയുകയും വ്യാജ രേഖകൾ ചമച്ച് ഇവ പുറത്തേക്ക് കടത്താൻ സഹായിക്കുകയും ചെയ്തത് ഇയാളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് എഞ്ചിനീയർ എന്ന വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ഈ കേബിളുകൾ സ്ക്രാപ്പ് മാർക്കറ്റിലൂടെ വിറ്റഴിക്കാനായിരുന്നു സംഘത്തിന്റെ നീക്കം.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അതീവ രഹസ്യമായി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് പ്രതികൾ വലയിലായത്. പ്രതികളുടെ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പതിനായിരക്കണക്കിന് കുവൈത്തി ദിനാർ, ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ ആഡംബര വാഹനം, വ്യാജരേഖകൾ തയ്യാറാക്കാൻ ഉപയോഗിച്ച ഔദ്യോഗിക മുദ്രകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

മോഷ്ടിക്കപ്പെട്ട മുഴുവൻ കേബിളുകളും കുവൈറ്റ് ഓയിൽ കമ്പനിയുടെ സഹകരണത്തോടെ സുരക്ഷിതമായി വീണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമുതൽ കൊള്ളയടിക്കുന്ന ഇത്തരം സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ തുടരുമെന്നും രാജ്യത്തെ നിയമം സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Authorities in Kuwait have dismantled a major theft gang allegedly involved in stealing around 400 tonnes of marine cables. The operation is part of ongoing efforts to combat organized crime and protect critical infrastructure.

To advertise here,contact us