കുവൈറ്റില്‍ യാത്രാ വിലക്ക് ഉത്തരവുകള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിയമഭേദഗതി നടപ്പാക്കി. യാത്രാ വിലക്ക് ഉത്തരവുകള്‍ക്ക് അനുമതി നല്കാന് അധികാരമുള്ള ജഡ്ജിമാരുടെ പരിധി വിപുലീകരിച്ചാണ് കുവൈറ്റ് സര്‍ക്കാര്‍ സിവില്‍ ആന്‍ഡ് കൊമേഴ്ഷ്യല്‍ പ്രൊസീജേഴ്സ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതിലൂടെ അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
2026ലെ ഡിക്രി-ലോ നമ്പര്‍ 68 പ്രകാരം, 1980-ലെ ഡിക്രി-ലോ നമ്പര്‍ 38 പ്രകാരം നിലവില്‍ വന്ന സിവില്‍ ആന്‍ഡ് കൊമേഴ്ഷ്യല്‍ പ്രൊസീജേഴ്സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 297-ന്റെ ആദ്യ ഖണ്ഡികയിലാണ് ഭേദഗതി വരുത്തിയത്. മുമ്പ് ഉപയോഗിച്ചിരുന്ന 'കീഴ് ജീവനക്കാരായ (ജഡ്ജിമാരില്‍ നിന്ന്)' എന്ന വാചകം മാറ്റി 'കോടതിയിലുള്ള ഏത് ജഡ്ജിക്കും' എന്ന രീതിയിലാക്കി. ഇതോടെ, യാത്രാവിലക്ക് ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം ഇനി ഒരു പ്രത്യേക പദവിയിലുള്ള ജഡ്ജിമാര്‍ക്ക് മാത്രമല്ല, ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലെ ജനറല്‍ അസംബ്ലി തിരഞ്ഞെടുക്കുന്ന യോഗ്യരായ ഏത് ജഡ്ജിമാര്‍ക്കും നല്കാന് കഴിയും.
ഡിക്രി-നിയമത്തിന് അനുബന്ധമായി പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നതനുസരിച്ച്, ആര്‍ട്ടിക്കിള്‍ 297 കട ബാധ്യതയുള്ളവർക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നിബന്ധനകളും നടപടിക്രമങ്ങളും വ്യക്തമാക്കുന്നതാണ്. ഈ ഭേദഗതി കട ബാധ്യതയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, നിയമനടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് ഇത്തരം ഉത്തരവുകള്‍ നല്‍കാനുള്ള അധികാരം എക്സിക്യൂഷന് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍ക്കും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലെ ഡെപ്യൂട്ടി ജഡ്ജിമാര്‍ക്കും മാത്രമായിരുന്നു. എന്നാല്‍ യാത്രാവിലക്കിനായുള്ള അപേക്ഷകള്‍ വര്‍ധിക്കുകയും, ആവശ്യമായ പദവിയിലുള്ള ജഡ്ജിമാരുടെ കുറവ് അനുഭവപ്പെടുകയും ചെയ്തിരുന്നു. അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്ന സാഹചര്യവും ഉണ്ടായിരുന്നു. ചില കോടതികളില്‍ അത്തരം പദവിയിലുള്ള ജഡ്ജിമാര്‍ ഇല്ലാതിരുന്നതിനാല്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ഭേദഗതിയിലൂടെ, അപേക്ഷ സമര്‍പ്പിച്ച ഉടന്‍ തന്നെ അത് പരിഗണിക്കാനും ആവശ്യമായ ഉത്തരവ് വേഗത്തില്‍ പുറപ്പെടുവിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
യോഗ്യരായ ജഡ്ജിമാരെ നിയോഗിക്കാനുള്ള അധികാരം ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയുടെ ജനറല്‍ അസംബ്ലിക്ക് നല്‍കിയിട്ടുണ്ട് എന്നും വ്യക്തമാക്കി. 2024 മേയ് 10-ലെ വിശദീകരണ കുറിപ്പില്‍ അമിരി ഓര്‍ഡര്‍ പ്രകാരം സര്‍ക്കാരിന് നിയമശക്തിയുള്ള ഡിക്രികള്‍ പുറപ്പെടുവിക്കാനുള്ള അധികാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ഭേദഗതി നടപ്പാക്കിയതെന്നും പറയുന്നു. ഡിക്രിയുടെ രണ്ടാം വകുപ്പ് പ്രകാരം, ബന്ധപ്പെട്ട മന്ത്രിമാര്‍ അവരുടെ അധികാരപരിധിക്കുള്ളില്‍ പുതിയ നിയമം നടപ്പാക്കണം. ഔദ്യോഗിക ഗസറ്റായ കുവൈറ്റ് അല്‍യൗം (Kuwait Alyuom) ല്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.
Content Highlight: The Kuwait government has amended regulations governing travel ban orders, introducing changes to the legal framework