കുവൈറ്റിൽ സിവിൽ ഐഡി താമസ വിലാസ തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ; പ്രവാസികൾക്ക് കർശന മുന്നറിയിപ്പ്

പ്രതിക്കെതിരെ വ്യാജരേഖ ചമയ്ക്കലും കൈക്കൂലി വാങ്ങലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

കുവൈറ്റിൽ പണം നൽകി സിവിൽ ഐഡിയിലെ താമസ വിലാസം അനധികൃതമായി മാറ്റാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പൊതുജന വിവര അതോറിറ്റിയായ പിഎസിഐയിലെ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. പിഎസിഐ രേഖകളിൽ യഥാർത്ഥ താമസസ്ഥലവുമായി പൊരുത്തപ്പെടാത്ത വിലാസങ്ങൾ ചേർത്ത് സിവിൽ ഐഡി അനുവദിച്ചതായാണ് കണ്ടെത്തൽ.

കേസിലെ മുഖ്യപ്രതിയായ കുവൈറ്റ് പൗരൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഓരോ വിലാസമാറ്റത്തിനും 100 മുതൽ 120 ദിനാർ വരെ കൈപ്പറ്റി പ്രവാസികളുടെ വിവരങ്ങൾ തിരുത്തിയതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ വ്യാജരേഖ ചമയ്ക്കലും കൈക്കൂലി വാങ്ങലും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

അനധികൃത ഇടപാടുകൾക്ക് സൗകര്യമൊരുക്കിയ ഇടനിലക്കാരനെയും അധികൃതർ അറസ്റ്റ് ചെയ്തു. ഓരോ ഇടപാടിനും 150 ദിനാർ വരെ വാങ്ങിയ ഇയാൾ, അതിൽ 30 മുതൽ 50 ദിനാർ വരെ കമ്മിഷനായി സൂക്ഷിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അനധികൃത മാർഗങ്ങളിലൂടെ താമസ വിലാസം ഭേദഗതി വരുത്തി സിവിൽ ഐഡി കരസ്ഥമാക്കുന്ന പ്രവാസികൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി. ഇത്തരം കേസുകളിൽ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Content Highlights: Kuwaiti authorities have arrested two people in a Civil ID address fraud case and issued a strong warning to expatriates. The crackdown targets illegal address registrations and aims to enforce stricter compliance with residency and identification rules.

To advertise here,contact us