ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും ഡിജിറ്റലാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ ഐടി വിഭാഗമാണ് പുതിയ ഓൺലൈൻ വിസ സേവനത്തിന് തുടക്കമിട്ടത്. കുവൈറ്റിൻ്റെ ഏകീകൃത സർക്കാർ ആപ്പായ ‘സഹിൽ’ വഴി സ്വദേശികൾക്കും പ്രവാസികൾക്കും ഇനിമുതൽ ഗാർഹിക വിസയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാം. പുതിയ ഡിജിറ്റൽ സംവിധാനത്തോടൊപ്പം വിസ അനുവദിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ മന്ത്രാലയം കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
സർക്കാർ സേവനങ്ങൾ പൂർണ്ണമായും പേപ്പർരഹിതമാക്കുന്നതിന്റെയും റിക്രൂട്ട്മെന്റ് വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ പരിഷ്കാരം. പുതിയ പ്ലാറ്റ്ഫോം നിലവിൽ വന്നതോടെ ഉപഭോക്താക്കൾക്ക് സർക്കാർ സർവീസ് സെന്ററുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ വിസ അപേക്ഷകൾ സമർപ്പിക്കാം. ഇത് സമയലാഭത്തിനൊപ്പം നടപടിക്രമങ്ങളിലെ സുതാര്യതയും വർദ്ധിപ്പിക്കും.
പുതിയ സ്പോൺസർഷിപ്പ് മാനദണ്ഡങ്ങൾ പ്രകാരം, ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകൾക്ക് ഒരു വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും റിക്രൂട്ട് ചെയ്യാം. കുട്ടികളുള്ള സ്ത്രീകൾക്കും ഓരോ വീട്ടുജോലിക്കാരിയെയും ഒരു ഡ്രൈവറെയും സ്വന്തമാക്കാൻ അർഹതയുണ്ടാകും. ഇവർ വിവാഹിതരോ, വിവാഹമോചിതരോ, വിധവകളോ ആണോയെന്നതുകൊണ്ട് നിയമത്തിൽ മാറ്റമുണ്ടാകുന്നില്ല.
കുടുംബമുള്ള പുരുഷന്മാർ (വിവാഹിതർ, വിവാഹമോചിതർ, ഭാര്യ മരിച്ചവർ) ആയാൽ പരമാവധി മൂന്ന് വീട്ടുജോലിക്കാരികളെയും ഒരു ഡ്രൈവറെയും സ്പോൺസർ ചെയ്യാം. അവിവാഹിതരായ പുരുഷന്മാർക്ക് ഒരു ഡ്രൈവറെ ഒപ്പം നിർത്താൻ മാത്രമേ പുതിയ നിയമപ്രകാരം അനുമതിയുള്ളൂ. മറ്റ് ഗാർഹിക തൊഴിലാളികളെ അനുവദിക്കില്ല.
ഗാർഹിക തൊഴിലാളി മേഖലയെ കൂടുതൽ വ്യവസ്ഥാപിതമാക്കാനും വിസകളുടെ ദുരുപയോഗം തടയാനും ഡിജിറ്റൽ ഗവേണൻസ് ശക്തിപ്പെടുത്താനും പുതിയ നിയന്ത്രണങ്ങളിലൂടെ സാധിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Content Highlights: Kuwait's Ministry of Interior has introduced a digital system for domestic worker recruitment, aiming to streamline procedures, improve transparency, and enhance the efficiency of hiring processes. The initiative is part of the country's broader efforts to modernize public services through digital transformation.