കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ തുറക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. സര്‍വീസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടില്ല. തെറ്റായ പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഉടന്‍ തുറക്കുമെന്നും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നുമുള്ള പ്രചരങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് വിശദീകരണവുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ രംഗത്ത് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഒരു വിമാനക്കമ്പനിയുടേതെന്ന പേരില്‍ പ്രചരിച്ച തെറ്റായ അറിയിപ്പാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കുകയാണ് ഡിജിസിഎ.
വിമാനത്താവളം ഇപ്പോഴും അടഞ്ഞുതന്നെ കിടക്കുകയാണ്. സര്‍വീസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ല. വിമാനത്താവളം തുറക്കുന്നത് സംബന്ധിച്ച എന്തെങ്കിലും തീരുമാനമുണ്ടായാല്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ഡിജിസിഎ അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 28 നാണ് സുരക്ഷാ നടപടികളുടെ ഭാഗമായി കുവൈറ്റ് വിമാനത്താവളം അടച്ചത്.
ഇറാന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളത്തിലെ റഡാല്‍ സംവിധാനം ഉള്‍പ്പെടെ തകര്‍ന്നിരുന്നു. വിമാനത്താവളം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ജസീറ എയര്‍വെയ്സ് ഉള്‍പ്പെടെയുള്ള കുവൈറ്റ് വിമാന കമ്പനികള്‍ സൗദി അറേബ്യയില്‍ ജിദ്ദയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. യാത്രക്കാരെ റോഡ് മാര്‍ഗം സൗദിയില്‍ എത്തിച്ചാണ് യാത്രകള്‍ ക്രമീകരിക്കുന്നത്.
Content Highlights: Kuwaiti authorities have clarified that reports about the reopening of Kuwait Airport are false. Travelers are advised to rely on official announcements only.