ഒരാഴ്ചക്കിടെ 27,000 നിയമ ലംഘനങ്ങൾ; ഗതാഗത പരിശോധന നടപടി ശക്തമാക്കി കുവൈത്ത്

കുവൈത്തില്‍ ഗതാഗത നിയമ ലംഘകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തല്‍

കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കി ട്രാഫിക് വിഭാഗം. ഒരാഴ്ചക്കിടെ 27,000 ത്തിലധികം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമ ലംഘകര്‍ നടുകടത്തല്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

കുവൈത്തില്‍ ഗതാഗത നിയമ ലംഘകരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് ട്രാഫിക് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 27,000 ഗതാഗത നിയമലംഘനങ്ങളാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1,770 വാഹനാപകടങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 256 അപകടങ്ങള്‍ ഗുരുത സ്വഭാവമുളളവയായിരുന്നുവെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവയാണ് പ്രധാനമായും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ നിരവധി വാഹനങ്ങളും ട്രാഫിക് വിഭഗം പിടിച്ചെടുത്തു. നിരവധി മോട്ടോർ സൈക്കിളുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ഗതാഗത നിയമങ്ങള്‍ ലംഘിച്ച നിരവധി പ്രവാസികളും അറസ്റ്റിലായി. കൂടുതല്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ട്രാഫിക് വിഭാഗം വ്യക്തമാക്കി.

അത്യാധുനിക ക്യാമകള്‍ ഉള്‍പ്പെടെ രംഗത്തിറക്കി വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാറകണമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. നാടുകടത്തല്‍ ഉള്‍പ്പെടയുള്ള കടുത്ത ശിക്ഷാ നടപടികളാണ് ഇത്തരക്കാരരെ കാത്തിരിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: Kuwait authorities recorded 27,000 traffic violations within a week as inspection campaigns were intensified across the country to enhance road safety and enforce traffic regulations.

To advertise here,contact us