കുവൈത്തില് വാഹനങ്ങളുടെ അമിത ശബ്ദം നിയന്ത്രിക്കാന് നടപടിയുമായി ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റ്. നിശ്ചിത പരിധിയേക്കാള് കൂടുതല് ശബ്ദം സൃഷ്ടിക്കുന്നതോ സാങ്കേതിക മാനദണ്ഡങ്ങള് ലംഘിക്കുന്നതോ ആയ വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് അറ്റകുറ്റപ്പണിക്ക് പ്രത്യേക പെര്മിറ്റ് ഏര്പ്പെടുത്തി. നിയമങ്ങള് പാലിക്കാത്ത വാഹനങ്ങള്ക്ക് നിരത്തില് പ്രവേശനം അനുവദിക്കില്ല.
ഗതാഗത സേവനങ്ങള് മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങള് നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റ് പുറത്തിറക്കിയ പുതിയ നിര്ദേശ പ്രകാരം പ്രത്യേക വിഭാഗത്തില് ഉള്പ്പെടുന്ന വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് സിസ്റ്റം അറ്റകുറ്റപ്പണികള്ക്കായി ഇനി മുതല് പ്രത്യേക അനുമതി ആവശ്യമാണ്.
ടെക്നിക്കല് ഇന്സ്പെക്ഷന് ഡിപ്പാര്ട്ട്മെന്റില് നിന്നുളള ഔദ്യോഗിക 'റിപ്പയര് പെര്മിറ്റ്' ഇല്ലാതെ എക്സ്ഹോസ്റ്റ് അറ്റകുറ്റപ്പണികള് നടത്താന് അനുവദിക്കില്ലെന്ന് ഉത്തരവില് പറയുന്നു. നിശ്ചയിച്ച പരിധിയേക്കാള് കൂടുതല് ശബ്ദം സൃഷ്ടിക്കുന്നതോ സാങ്കേതിക മാനദണ്ഡങ്ങള് ലംഘിക്കുന്നതോ ആയ വാഹനങ്ങള്ക്കും മോട്ടോര് സൈക്കിളുകള്ക്കുമാണ് റിപ്പയര് പെര്മിറ്റ് നല്കുക. പെര്മിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ അംഗീകൃത വര്ക്ക്ഷോപ്പുകളിലോ ഡീലര്ഷിപ്പുകളിലോ അറ്റകുറ്റപ്പണികള് നടത്താന് കഴിയുകയുള്ളൂ.
അറ്റകുറ്റപ്പണികള്ക്ക് ശേഷം വാഹനങ്ങള് വീണ്ടും ടെക്നിക്കല് ഇന്സ്പെക്ഷന് ഡിപ്പാര്ട്ട്മെന്റില് ഹാജരാക്കി പരിശോധനയ്ക്ക് വിധേയമാക്കണം. നിയമലംഘനം പൂര്ണ്ണമായി പരിഹരിച്ചതായി സ്ഥിരീകരിച്ചാല് മാത്രമേ റോഡിലിറക്കാന് അനുമതി നല്കൂകയുളളുവെന്നും ജനറല് ട്രാഫിക് ഡിപ്പാര്ട്ട്മെന്റ് വ്യക്തമാക്കി. റോഡുകളിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും വാഹനങ്ങള് നിര്ദ്ദിഷ്ട സാങ്കേതിക നിലവാരങ്ങള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്. സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
Content Highlights: Kuwait has introduced new measures to control excessive noise caused by vehicles as part of efforts to reduce noise pollution and improve public comfort.