പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങൾക്ക് ഇറാൻ ഇളവ് അനുവദിച്ചു. ഇന്ത്യയ്ക്ക് പുറമെ ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകൾക്കാണ് നിയന്ത്രണങ്ങളില്ലാതെ കടന്നുപോകാൻ തത്ത്വത്തിൽ അനുമതി നൽകിയിട്ടുള്ളത്. പരസ്പര താൽപ്പര്യങ്ങളും പ്രത്യേക നയതന്ത്ര സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ നടപടിയെന്ന് ഇറാന്റെ ദേശീയ സുരക്ഷാ-വിദേശനയ സമിതി ഉപാധ്യക്ഷൻ അമീർ ഹയാത്ത് മുഖദ്ദം വ്യക്തമാക്കി.
ഇറാനിലേക്ക് ആവശ്യമായ മരുന്നുകളുടെ ഇറക്കുമതി തടസ്സമില്ലാതെ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ കപ്പലുകൾക്ക് ഈ ഇളവ് നൽകിയിരിക്കുന്നത്. അതേസമയം, ആഗോളതലത്തിൽ കൂടുതൽ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കുക എന്ന തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ചൈനീസ് കപ്പലുകൾക്ക് യാത്രാനുമതി നൽകിയത്.
എങ്കിലും ഇളവ് ലഭിച്ച എല്ലാ രാജ്യങ്ങൾക്കും ഒരേരീതിയിലുള്ള സാമ്പത്തിക സൗജന്യമല്ല ഇറാൻ നൽകിയിട്ടുള്ളത്. ഇന്ത്യൻ, ചൈനീസ് കപ്പലുകളിൽ നിന്ന് നിർബന്ധിത ട്രാൻസിറ്റ് ഫീസ് ഇറാൻ ഈടാക്കുന്നുണ്ട്. എന്നാൽ ഖത്തറിന്റെ കപ്പലുകളെ ഈ ഫീസിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. ഇറാഖിന്റെ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തമായ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
Content Highlights: Iran exempts ships from India, China, Iraq and Qatar from Strait of Hormuz transit restrictions amid ongoing tensions and disruptions to global shipping.