നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ആശങ്കയുമായി പ്രവാസികള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പാക്കിയ നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഈ മാസം അവസാനിക്കാനിരിക്കെ പുതുക്കുന്നതില്‍ നടപടിയെടുക്കാത്തതിലാണ് പ്രവാസികളുടെ ആശങ്ക. ഇന്‍ഷുറന്‍സ് ഒക്ടോബര്‍ 30ന് അവസാനിക്കാനിരിക്കെ പുതുക്കാനുള്ള സൗകര്യം ഇതുവരെ പോര്‍ട്ടലില്‍ തുടങ്ങിയിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് പ്രവാസികള്‍ക്കായി ഇന്‍ഷൂറന്‍സ് പദ്ധതി പിണറായി സര്‍ക്കാര്‍ ആരംഭിച്ചത്. ലോക കേരള സഭയിലൂടെ മറുനാടന്‍ മലയാളികളുടെ പ്രശ്നം പഠിച്ചും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ഉള്ക്കാണ്ടുമായിരുന്നു സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. സാധാരണ ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന തരത്തിലായിരുന്നു നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിച്ചത്.
പ്രതിവര്‍ഷം 13,450 രൂപ പ്രീമിയം അടച്ചാല്‍ അഞ്ച് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്. കേരളത്തിലും ഇന്ത്യയിലെ മറ്റ് ആശുപത്രികളിലും ചികിത്സാ സൗകര്യം ലഭിക്കുന്ന പദ്ധതിയില്‍ ഇന്ത്യയിലെ 24,000ത്തിലധികം ആശുപത്രികളില്‍ ക്യാഷ്ലെസ് ചികിത്സ ലഭിക്കുമായിരുന്നു. എളുപ്പത്തില്‍ എന്റോള്‍ ചെയ്യാന്‍ കഴിയുന്നുവെന്നതും ഈ പദ്ധതിയെ പ്രവാസികളോട് അടുപ്പിച്ചിരുന്നു. ഈ പദ്ധതി തുടര്‍ന്നില്ലെങ്കില്‍ പാവങ്ങളായ പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.
നിരവധി പ്രവാസി സംഘടനകളാണ് നിലവില്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതി പുതുക്കുന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതില്‍ പ്രതിഷേധവുമായി കേളി കലാസാംസ്കാരിക വേദി രംഗത്തെത്തി. പദ്ധതിയുടെ കാലാവധി 30ന് അവസാനിക്കാനിരിക്കെ ഇന്‍ഷൂറന്‍സ് പരിരക്ഷ തുടരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേളി പറഞ്ഞു.
Content Highlights: The Norka Care health insurance scheme introduced by the LDF government for expatriates is set to expire this month. The lack of action on renewing the scheme has raised concerns among expatriates about the continuation of their health insurance coverage.