തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്കും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള പുതിയ വിമാനസർവീസുകൾ ആരംഭിക്കുന്നു. ഈ മാസം 27 മുതൽ ഇരു സർവീസുകളും പ്രാബല്യത്തിൽ വരും. സർവീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു.
കേരളത്തിനും ഗൾഫ് മേഖലയ്ക്കുമിടയിലുള്ള വ്യോമഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈ പുതിയ പാതകൾ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം-ബഹ്റൈൻ സർവീസ് ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായി (വ്യാഴം, ശനി) ലഭ്യമാകും. നിലവിൽ ഗൾഫ് എയർ തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് ദിവസേന സർവീസ് നടത്തുന്നുണ്ട്. പുതിയ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് കൂടി എത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സമയക്രമങ്ങളും മിതമായ നിരക്കുകളും തിരഞ്ഞെടുക്കാൻ അവസരമൊരുങ്ങും.
തിരുവനന്തപുരത്തുനിന്നുള്ള റിയാദ് സർവീസ് ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും (ചൊവ്വ, വ്യാഴം, ശനി) പ്രവർത്തിക്കുക. നിലവിൽ ദുബായ്, അബുദാബി, ഷാർജ, ദോഹ, മസ്കറ്റ്, കുവൈറ്റ്, ദമാം തുടങ്ങിയ പ്രധാന ഗൾഫ് നഗരങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് നേരിട്ടുള്ള സർവീസുകളുണ്ട്. പുതിയ ബഹ്റൈൻ, റിയാദ് സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സർവീസ് ശൃംഖല കൂടുതൽ വിപുലമാകുകയും പ്രവാസി യാത്രക്കാർക്ക് യാത്രകൾ കൂടുതൽ എളുപ്പമാകുകയും ചെയ്യും.
Content Highlights: Air India Express is expanding its flight services from Thiruvananthapuram, offering passengers more travel options. Ticket bookings for the additional services have commenced.