ഹൂതികൾക്കെതിരെ സൗദി പോരാട്ടം കടുപ്പിച്ചു; ബാബ് അല്‍-മന്ദബ് കടലിടുക്കിൽ യമന്‍ സര്‍ക്കാർ സേനയുടെ മുന്നേറ്റം

ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 324 പ്രധാന കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു

യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന ‘ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ ആരംഭിച്ചതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി. ഓപ്പറേഷന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ 100 യുദ്ധവിമാനങ്ങൾ പങ്കെടുത്തതായി സഖ്യസേന അറിയിച്ചു.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള സർക്കാർ സ്ഥാപനങ്ങളും പ്രദേശങ്ങളും തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യെമൻ സർക്കാർ സേനയ്ക്ക് 24 മണിക്കൂറും വ്യോമപിന്തുണ നൽകുന്നതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം 324 പ്രധാന കേന്ദ്രങ്ങൾ തകർത്തതായി അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ 100 യുദ്ധവിമാനങ്ങൾ ഓപ്പറേഷനിൽ പങ്കെടുത്തതായും അദ്ദേഹം സമൂഹമാധ്യമ അക്കൗണ്ടായ എക്‌സിലെ പോസ്റ്റിലൂടെ അറിയിച്ചു.

ചെങ്കടലിനെയും ഗൾഫ് ഓഫ് ഏഡനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന്റെ സുരക്ഷയും സഖ്യസേന ഉറപ്പാക്കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ശേഷിക്കുന്ന പ്രദേശങ്ങൾ തിരിച്ചുപിടിച്ച് രാജ്യത്ത് സർക്കാർ അധികാരം പുനഃസ്ഥാപിക്കാനുള്ള സൈനിക നടപടിക്ക് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമി അനുമതി നൽകിയതിന് പിന്നാലെയാണ് സഖ്യസേനയുടെ സൈനിക പിന്തുണ ശക്തമാക്കിയത്. സംഘർഷം കുറയ്ക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതും യെമന്റെ പരമാധികാരം, സാധാരണക്കാർ, അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾ എന്നിവയ്ക്ക് ഹൂതികൾ ഉയർത്തുന്ന ഭീഷണിയും കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

‘ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ ഔദ്യോഗികമായി പ്രഖ്യാപിച്ച അൽ അലിമി സർക്കാർ സ്ഥാപനങ്ങൾ പുനഃസ്ഥാപിക്കുക, തലസ്ഥാനമായ സനാ തിരിച്ചുപിടിക്കുക, ഹൂതികളുടെ നിയന്ത്രണം അവസാനിപ്പിക്കുക എന്നിവയാണ് ഓപ്പറേഷന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കി. യെമൻ സായുധസേനയും മറ്റ് സൈനിക വിഭാഗങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ പങ്കാളികളുടെ പിന്തുണയോടെയാണ് നടപടി നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. യെമൻ സർക്കാർ സേനയ്ക്ക് പൂർണ സൈനിക പിന്തുണ തുടരുമെന്ന് സഖ്യസേനയുടെ ജോയിന്റ് ഫോഴ്‌സ് കമാൻഡ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യയുടെ സുരക്ഷയ്ക്കൊപ്പം പ്രാദേശികവും അന്താരാഷ്ട്രവുമായ സുരക്ഷ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടികളെന്ന് സഖ്യസേന വ്യക്തമാക്കി.

തെക്കൻ ചെങ്കടലിലും ബാബ് അൽ മന്ദബ് മേഖലയിലും കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളും ശ്രമങ്ങളും വർധിച്ചതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനുമുള്ള ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം തായിസ് മേഖലയിലും പോരാട്ടം ശക്തമായി. നഗരത്തെ തെക്കൻ സർക്കാർ നിയന്ത്രിത പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളുടെ നിയന്ത്രണത്തിനായി സർക്കാർ സേനയും ഹൂതികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Content Highlights: Saudi backed Yemeni government forces have advanced near the Bab al Mandab Strait with intensified Saudi air support in operations against the Houthis.

To advertise here,contact us