യുദ്ധം കടുക്കുന്നു? സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍

ഇസ്രയേലും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ കരയാക്രമണം നടത്തിയാല്‍ നേരിടാന്‍ സാധാരണക്കാരെയും സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

യുദ്ധം കടുക്കുന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും സൈനിക പരിശീലനം നല്‍കി ഇറാന്‍. കഴിഞ്ഞ ദിവസം സൈനിക പരിശീലന കേന്ദ്രമായ ഇമാം ഹുസ്സൈന്‍ സ്‌ക്വയറില്‍ വെച്ചാണ് പരിശീലനം നല്‍കിയത്. സ്ത്രീകള്‍ സൈനിക ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളും തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള ക്ലാസുകളും ശ്രദ്ധിക്കുന്നതിന്റെ വീഡിയോ റോയിട്ടേഴ്‌സ് പുറത്ത് വിട്ടിട്ടുണ്ട്. സ്ത്രീകള്‍ തോക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിട്ടുണ്ട്.

ഹഫ്റ്റ്-ഇ ടിര്‍ സ്‌ക്വയറില്‍ പുതിയ സിവിലിയന്‍ സൈനിക പരിശീലന കേന്ദ്രം തുടങ്ങിയതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കും പരിശീലനം നല്‍കിയിരിക്കുന്നത്. ഇസ്രയേലും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ കരയാക്രമണം നടത്തിയാല്‍ നേരിടാന്‍ സാധാരണക്കാരെയും സജ്ജമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു യുദ്ധം നടന്നാല്‍ നേരിടുക എന്നതിനേക്കാള്‍ സ്വന്തം കുടുംബത്തെ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുകയാണ് ഈ പരിശീലനത്തിലൂടെ നേടുന്നതെന്നാണ് പല സ്ത്രീകളുടെയും പ്രതികരണം. ഈ പരിശീലനം തന്റെ ഭയം ഇല്ലാതാക്കുന്നുവെന്ന് 45കാരിയായ രാഹേലേ ഗാദിരി പ്രതികരിച്ചു. ഇറാന്‍ വിഷയത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പും ഈ പരിശീലനതത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം അമേരിക്ക-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. തങ്ങള്‍ മുന്നോട്ട് വെച്ച ഏഴ് നിബന്ധനകള്‍ പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. ജൂണില്‍ അമേരിക്കയുമായി ഉണ്ടാക്കിയ ഇടക്കാല കരാറില്‍ പറയുന്ന നിബന്ധനകള്‍ പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖ്വലിബാഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlights:

Iran is providing military training to women amid the intensifying war, highlighting the country's broader preparedness measures as tensions and conflict continue to escalate.

To advertise here,contact us