ജിസിസി അംഗരാജ്യങ്ങളിലെ പൗരന്മാർക്ക് സഞ്ചാരം കൂടുതൽ സുഗമമാക്കുന്നതിനായി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. ഇനിമുതൽ രു ജിസിസി രാജ്യത്ത് നിന്ന് എടുത്ത ഡ്രൈവിംഗ് ലൈസൻസ് മറ്റ് അംഗരാജ്യങ്ങളിലും ഉപയോഗിക്കാൻ കഴിയും. റിയാദിൽ നടന്ന 'സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026' ഉച്ചകോടിയിൽ ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
നിലവിൽ ഹ്രസ്വ സന്ദർശനങ്ങൾക്കായി മറ്റൊരു ജിസിസി രാജ്യത്തേക്ക് എത്തുന്നവർക്ക് സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതിയുണ്ട്. എന്നാൽ ഇനി മുതൽ മറ്റൊരു ജിസിസി രാജ്യത്തേക്ക് താമസം മാറ്റുന്ന പൗരന്മാർക്ക് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് എഴുതാതെ തന്നെ തങ്ങളുടെ ലൈസൻസ് അവിടുത്തെ പ്രാദേശിക ലൈസൻസാക്കി എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. ഓരോ രാജ്യത്തും നിസ്സാരമായ നടപടിക്രമങ്ങളും കണ്ണ് പരിശോധനയും മാത്രമായിരിക്കും ഇതിനായി പൂർത്തിയാക്കേണ്ടി വരിക.
റോഡ് മാർഗ്ഗമുള്ള അതിർത്തി കടന്നുള്ള യാത്രകൾ വേഗത്തിലാക്കാൻ ജിസിസി പൗരന്മാർക്കായി പ്രത്യേക പാതകളും സജ്ജമാക്കിയിട്ടുണ്ട്. സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയിലെ 'വൺ-സ്റ്റോപ്പ്' സംവിധാനം പോലെ, സൗദി-കുവൈറ്റ്, സൗദി-ഖത്തർ അതിർത്തികളിലും യാത്രാ നടപടികൾ ഒറ്റ കേന്ദ്രത്തിൽ വേഗത്തിൽ പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ വികസിപ്പിച്ചു വരികയാണ്. പാസ്പോർട്ടോ വിസയോ ഇല്ലാതെ തന്നെ ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൗരന്മാർക്ക് അതിർത്തികൾ കടക്കാനാകും.
ഇതോടൊപ്പം ജിസിസി രാജ്യങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ഡിജിറ്റലായി പരസ്പരം ബന്ധിപ്പിക്കാനും തീരുമാനമായി. ഗതാഗത നിയമലംഘനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഡാറ്റാബേസ് അംഗരാജ്യങ്ങൾ തമ്മിൽ തത്സമയം പങ്കുവെക്കും. ഇതിലൂടെ ഒരു രാജ്യത്തുണ്ടാകുന്ന നിയമലംഘനങ്ങൾ മറ്റ് അഞ്ച് രാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾക്ക് എളുപ്പത്തിൽ ലഭ്യമാകും. മേഖലയിലുടനീളം ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സുരക്ഷയും യാത്രാസൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമാക്കുകയാണ് ജിസിസി ഇതിലൂടെ ലക്ഷ്യമിടുന്നത്.
Content Highlights: A major travel reform is set to allow driving licences to be recognised across all GCC member states. The initiative is expected to make travel and mobility easier for GCC citizens by simplifying driving-related requirements when moving between Gulf countries