പശ്ചിമേഷ്യയിലെ അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും സങ്കീർണ്ണമായ പശ്ചാത്തലത്തിൽ, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി സൗദി അറേബ്യയും കുവൈറ്റും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ടെലഫോണിൽ ചർച്ച നടത്തി.
കുവൈറ്റിന്റെ പരമാധികാരത്തെയും അതിർത്തികളെയും ലംഘിച്ചുകൊണ്ട് ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. കുവൈറ്റിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് രാജ്യത്തിന് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും കിരീടാവകാശി വാഗ്ദാനം ചെയ്തു.
മേഖലയിൽ സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും നയതന്ത്ര നീക്കങ്ങളെക്കുറിച്ചും ഇരു ഭരണാധികാരികളും സംഭാഷണത്തിൽ സംസാരിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിക്കുകയും ഇരുപക്ഷവും ആക്രമണങ്ങൾ പുനരാരംഭിക്കുകയും ചെയ്തതോടെ സമാധാന ചർച്ചകൾ പൂർണ്ണമായി സ്തംഭിച്ച അവസ്ഥയിലാണ്. ഇറാൻ ധാരണകളിൽ ഉറച്ചുനിൽക്കുന്നില്ലെന്നും ചർച്ചയ്ക്ക് തയാറായിട്ടില്ലെന്നും യുഎസ് ഭരണകൂടം ആരോപിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം വർദ്ധിച്ചതോടെ മേഖലയിലെ മറ്റ് അയൽരാജ്യങ്ങളും സുരക്ഷ ശക്തമാക്കുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Content Highlights: Saudi Arabia and Kuwait have assessed the rapidly evolving security situation in West Asia amid ongoing regional tensions. National leaders held high-level discussions focusing on regional stability, diplomatic coordination, and measures to address the impact of the conflict on Gulf security.