പശ്ചിമേഷ്യയെ പൂർണ്ണമായും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ എട്ടാം ദിവസവും അതിരൂക്ഷമായി തുടരുന്നു. അമേരിക്ക ദിവസങ്ങളായി നടത്തുന്ന വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇറാൻ നൽകിക്കൊണ്ടിരിക്കുന്നത്. യുഎസ് സഖ്യരാജ്യങ്ങളായ കുവൈറ്റ്, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ സൈനിക താവളങ്ങളെയും സുപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു. ആക്രമണങ്ങളിൽ കുവൈറ്റിലെ എണ്ണ-വൈദ്യുതി കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടമുണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഥിതിഗതികൾ വഷളായതിനെ തുടർന്ന് ബഹ്റൈനിൽ ഉൾപ്പെടെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇറാന്റെ ആയുധ സംഭരണശാലകളും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളും തകർക്കുകയെന്ന ലക്ഷ്യത്തോടെ തുടർച്ചയായ ഏഴാം രാത്രിയും യു.എസ് സെൻട്രൽ കമാൻഡ് കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഹോർമോസ്ഗാനിലും മധ്യ ഇറാനിലുമുള്ള ജനവാസ മേഖലകളിലും അമേരിക്കൻ ബോംബാക്രമണമുണ്ടായി. ഈ ആക്രമണങ്ങളിൽ കുട്ടികളടക്കം 50 പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്ക തങ്ങളുടെ മണ്ണിലുള്ള ആക്രമണം തുടർന്നാൽ അതിർത്തികൾ കടന്നുള്ള പൂർണ്ണതോതിലുള്ള പ്രത്യാക്രമണത്തിലേക്ക് നീങ്ങുമെന്ന് ഇറാൻ കടുത്ത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അമേരിക്കൻ വ്യോമാക്രമണത്തിന് പ്രതികാരമായി കുവൈറ്റിലെയും ജോർദാനിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ പ്രധാനമായും മിസൈലുകൾ തൊടുത്തത്. കുവൈറ്റിലെ അൽ-അദിരി ക്യാമ്പ്, അലി അൽ-സലേം എയർ ബേസ് എന്നിവയ്ക്ക് പുറമെ രാജ്യത്തെ പ്രമുഖ എണ്ണ ഉത്പാദന കേന്ദ്രത്തിനും പവർ പ്ലാന്റിനും നേരെ ആക്രമണമുണ്ടായി. മിസൈൽ പതിച്ച് പവർ പ്ലാന്റിലുണ്ടായ വൻ തീപിടിത്തം മണിക്കൂറുകൾ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് അണയ്ക്കാനായത്. ആക്രമണത്തിൽ നിരവധി കുവൈറ്റ് സൈനികർക്കും അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് ടേക്ക് ഓഫ്, ലാൻഡിംഗ് സർവീസുകൾ പൂർണ്ണമായി പുനരാരംഭിച്ചു.
ഗൾഫ് മേഖലയിലാകെ ഇപ്പോൾ അതീവ ജാഗ്രതാ നിർദ്ദേശമാണ് നിലവിലുള്ളത്. ബഹ്റൈനിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായതോടെ രാജ്യത്ത് അടിയന്തര സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ 10 ഇറാനിയൻ മിസൈലുകളെ തങ്ങൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം അവകാശപ്പെട്ടു.
യുദ്ധം കടൽമാർഗ്ഗത്തിലേക്കും വ്യാപിക്കുന്നതായാണ് സൂചനകൾ. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച നാല് കപ്പലുകൾ തങ്ങൾ തടഞ്ഞുവെച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് അറിയിച്ചു. മേഖലയിൽ രണ്ട് എണ്ണക്കപ്പലുകൾ തകർന്നതായും ഇറാൻ അവകാശപ്പെട്ടെങ്കിലും യുഎസ് ഇത് നിഷേധിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷം കടുത്തതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 88 ഡോളറിന് മുകളിലേക്ക് കുതിച്ചുയർന്നു. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ക്രൂരമായ ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് യുഎൻ സെക്രട്ടറി ജനറലും വ്യക്തമാക്കി.
Content Highlights: The military conflict between the United States and Iran has entered its eighth consecutive day, intensifying concerns across the Gulf region. Gulf countries are closely monitoring the situation amid fears of further escalation and its potential impact on regional security, air travel, energy supplies, and economic stability.