ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ പ്രകോപനം; ശക്തമായി അപലപിച്ച് ജിസിസി സെക്രട്ടറി

ഇറാന്റെ ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ നിർദ്ദേശങ്ങളുടെയും ലംഘനമാണെന്ന് അൽബുദൈവി

പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന രീതിയിലുള്ള ഇറാന്റെ തുടർച്ചയായ നടപടികളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി. ഖത്തർ, യുഎഇ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആവർത്തിച്ചുള്ള പ്രകോപനങ്ങളും വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തുന്ന ഗുരുതരമായ ആക്രമണങ്ങളും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ജിസിസി മേധാവി ഇറാന് മുന്നറിയിപ്പ് നൽകിയത്.

ഇറാന്റെ ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ നിർദ്ദേശങ്ങളുടെയും ലംഘനമാണെന്ന് അൽബുദൈവി ചൂണ്ടിക്കാട്ടി. സമുദ്ര സുരക്ഷയ്ക്കും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനും വലിയ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ ഉയർത്തുന്നത്. സമാധാനവും സുരക്ഷിതത്വവും പുനഃസ്ഥാപിക്കാനുള്ള ആഗോള ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് ഇറാന്റെ ഈ തുടർച്ചയായ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളെ ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ തടസ്സപ്പെടുത്തുന്നുണ്ട്. അസ്ഥിരത പടർത്താനും ആഗോള സമാധാന ശ്രമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇതിന് പിന്നിൽ. തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഖത്തർ, യുഎഇ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും ജിസിസിയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ജാസെം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി.

69 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇറാൻ യുഎഇയെ ആക്രമിച്ചത്. ഇന്ന് രാവിലെയാണ് യുഎഇക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യോമപ്രതിരോധം സജീവമായതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഇന്ന് രാവിലെ ഉണ്ടായ വലിയ ശബ്ദങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലും കുവൈറ്റിലും ഇറാന്റെ ആക്രമണമുണ്ടായി. ഇറാന്‍ ആക്രമണത്തില്‍ ഖത്തറില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍ നടന്ന ആക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ വീണാണ് പരിക്കേറ്റതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: The GCC Secretary General has strongly criticised Iran’s actions targeting Gulf countries. The statement highlighted concerns over regional security and called for maintaining stability in the Gulf region.

To advertise here,contact us