ഇറാൻ - യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ തന്ത്രപരമായ 'പ്ലാൻ ബി'യുമായി ജിസിസി രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ഊർജ്ജ സുരക്ഷാ കേന്ദ്രമായി യുഎഇയിലെ ഫുജൈറയെ മാറ്റാനാണ് പുതിയ പദ്ധതി. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ഗൾഫ് രാജ്യങ്ങളുടെ ഈ പുതിയ പ്രതിരോധ നീക്കം.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള സാമ്പത്തിക വളർച്ചയെയും ഇന്ധന സുരക്ഷയെയും ബാധിക്കുമെന്ന് ഐഎംഎഫും ലോകബാങ്കും മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഗൾഫിന്റെ പുതിയ നീക്കം. ഹോർമുസ് കടലിടുക്കിന് പുറത്ത് സ്ഥിതി ചെയ്യുന്ന യുഎഇയുടെ ഫുജൈറ വഴി, ഇടുങ്ങിയ കടലിടുക്കിലേക്ക് പ്രവേശിക്കാതെ തന്നെ അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് എണ്ണ എത്തിക്കാം. യുഎഇയുടെ നിലവിലുള്ള 'അബുദബി-ഫുജൈറ പൈപ്പ്ലൈൻ' പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫിന് തുറക്കാവുന്ന ഏറ്റവും വലിയ 'എസ്കേപ്പ് വാൽവ്' ആയി മാറിക്കഴിഞ്ഞു.
ഈ തന്ത്രപരമായ നീക്കത്തിൽ യുഎഇക്കൊപ്പം മറ്റ് ജിസിസി രാജ്യങ്ങളും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്. തങ്ങളുടെ കിഴക്കൻ എണ്ണപ്പാടങ്ങളിൽ നിന്ന് ചെങ്കടലിലെ ടെർമിനലുകളിലേക്ക് നേരിട്ട് ക്രൂഡ് ഓയിൽ എത്തിക്കുന്ന 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ' പദ്ധതി സൗദി അറേബ്യ വേഗത്തിലാക്കി. ഒമാൻ കേന്ദ്രീകരിച്ചും കൂടുതൽ പൈപ്പ്ലൈൻ പദ്ധതികളും വിപുലമായ സംഭരണ സൗകര്യങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുതിയ ബൈപാസ് പൈപ്പ്ലൈനുകൾ യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിൽ ഇറാന്റെ തന്ത്രപരമായ സ്വാധീനം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
നിലവിൽ പല കപ്പലുകളും തങ്ങളുടെ ട്രാക്കിംഗ് സംവിധാനങ്ങൾ ഓഫ് ചെയ്താണ് ഹോർമുസ് വഴി സുരക്ഷിതമായി യാത്ര ചെയ്യുന്നത്. ഔപചാരികമായി അകമ്പടി സേവിക്കാതെ തന്നെ യുഎസ് സൈനിക കപ്പലുകൾ ഈ വാണിജ്യ ടാങ്കറുകൾക്ക് നിശബ്ദ സുരക്ഷയൊരുക്കുന്നുണ്ട്. ഉയർന്ന ഇന്ധനവില കാരണം ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഇതിനകം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, ഭാവിയിലെ വമ്പൻ പ്രതിസന്ധികളെ നേരിടാൻ യുഎഇയെ മുൻനിർത്തിയുള്ള ഗൾഫിന്റെ ഈ 'പ്ലാൻ ബി' ആഗോള ഊർജ്ജ വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതും.
Content Highlights: GCC nations, working alongside the BEA, have developed a strategic framework to safeguard the global energy market. The plan focuses on maintaining energy security, stabilizing supply chains, and mitigating risks amid fluctuating global demand and geopolitical uncertainties.