പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വൻ തിരിച്ചടി നൽകി വേനലവധിക്കാലത്ത് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി പ്രമുഖ എയർലൈനുകൾ. പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയും ഇന്ധനവില വർദ്ധനവുമാണ് കാരണം. ഇൻഡിഗോ, എയർ ഇന്ത്യ, എമിറേറ്റ്സ് അടക്കമുള്ള കമ്പനികൾ സർവീസുകൾ കുറച്ചതോടെ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകയാണ്.
ആഗോളതലത്തിൽ ഈ വേനൽക്കാല ഷെഡ്യൂളിൽ നിന്ന് എഴുപത്തയ്യായിരത്തിലധികം സർവീസുകളാണ് വിമാനക്കമ്പനികൾ ഒഴിവാക്കിയത്. യുദ്ധപ്പശ്ചാത്തലത്തിൽ ആകാശപാതകൾ അടച്ചതും പ്രവർത്തനച്ചെലവ് ഇരട്ടിയായതുമാണ് പ്രധാന പ്രതിസന്ധി. ഇൻഡിഗോ തങ്ങളുടെ പ്രധാനപ്പെട്ട ആറ് അന്താരാഷ്ട്ര സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ അന്താരാഷ്ട്ര സർവീസുകളിൽ 27 ശതമാനവും ആഭ്യന്തര സർവീസുകളിൽ 22 ശതമാനവും കുറവ് വരുത്താനാണ് എയർ ഇന്ത്യയുടെ തീരുമാനം. ഗൾഫ് മേഖലയിലെ പ്രമുഖരായ എമിറേറ്റ്സും തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളിൽ 16 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്.
സർവീസുകൾ കുറഞ്ഞതോടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകയാണ്. എന്നാൽ യുദ്ധഭീതിയും ഉയർന്ന നിരക്കും കാരണം പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കുകയാണ്. പശ്ചിമേഷ്യൻ മേഖലയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 46.6 ശതമാനത്തിന്റെ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. നാട്ടിലേക്ക് പോകുന്നതിന് പകരം പലരും പ്രാദേശികമായ 'സ്റ്റേക്കേഷൻ' പാക്കേജുകൾ തിരഞ്ഞെടുക്കുന്നതായാണ് ട്രാവൽ ഏജന്റുമാർ നൽകുന്ന വിവരം. വരും മാസങ്ങളിൽ സമയമാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Content Highlights: Several airlines are planning to scale back services during the peak summer vacation period, creating challenges for expatriates and tourists. Reduced flight frequencies may impact travel plans, increase pressure on available seats, and affect connectivity across popular destinations.