നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതുമ്പോള്‍ വോട്ട് രേഖപ്പെടുത്താനാകാതെ വലിയൊരു വിഭാഗം പ്രവാസികള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുളള അനിശ്ചിതാവസ്ഥയും അമിതമായ വിമാന ടിക്കറ്റ് നിരക്കുമാണ് പ്രവാസികള്‍ക്ക് മുന്നിലെ പ്രതിസന്ധി. ഭീമമായ തുക നല്കാന് കഴിയാത്തതിനാല്‍ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേര്‍ഡ് വിമാനങ്ങളും ഇത്തവണ ഒഴിവാക്കി. എന്നാല്‍ വലിയ തുക നല്‍കിയും വോട്ട് ചെയ്യാനായി നാട്ടിലെത്തുന്നവരും നിരവധിയാണ്.
കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പു വേളകകളിലും വോട്ട് ചെയ്യുന്നതിന് വേണ്ടി മാത്രം നാട്ടിലേക്ക് പോകുന്നവരായിരുന്നു വലിയൊരു വിഭാഗം പ്രവാസികള്‍. എന്നാല്‍ അത്തരക്കാരില്‍ പലരും ഇത്തവണ സമ്മദിദാന അവകാശം വിനിയോഗിക്കാന്‍ നാട്ടിലെത്തില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഒരുപാട് പ്രതിസന്ധികളിലുടെയാണ് പ്രവാസികള്‍ കടന്നുപോകുന്നത്. താങ്ങാനാകത്ത വിമാന ടിക്കറ്റ് നിരക്ക് ആണ് പ്രധാന വെല്ലുവിളി.
ഭീമമായ നിരക്ക് വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍ കെഎംസിസിയും ഇന്‍കാസും അടക്കമുള്ള വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനങ്ങളും ഇത്തവണ ഒഴിവാക്കി. എന്നാല്‍ നിര്‍ണായകമായ വിധിയെഴുത്തില്‍ പങ്കാളിയാകുന്നതിനായി ഉയര്‍ന്ന തുക നല്കി നാട്ടിലേക്ക് എത്തുന്നവരും നിരവധിയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി ഘടകങ്ങളിലെ നേതാക്കളും പ്രവര്‍ത്തകരും അവസാന നിമിഷവും നാടണയുകയാണ്.
പ്രചാരണ രംഗത്ത് സജീവമാകാന്‍ ചിലര്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 2,23,558 പ്രവാസി വോട്ടര്‍മാര്‍ ഉണ്ട്. 16,002 പ്രവാസി വോട്ടര്‍മാരാണ് കുറ്റ്യാടി മണ്ഡലത്തില്‍ മാത്രമുള്ളത്. നാദാപുരത്തെ പ്രവാസികളുടെ എണ്ണം 12,424 ആണ്. തിരൂരില്‍ 8,601, കല്യാശേരി 8097 കൂത്തുപറമ്പ് 6839 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ആയിരത്തില്‍ അധികം പ്രവാസി വോട്ടുള്ള 47 മണ്ഡലങ്ങളുണ്ട്. മഞ്ചേശ്വരം മുതല്‍ തിരുവമ്പാടി വരെയുള്ള 32 മണ്ഡലങ്ങളില്‍ 27 ഇടത്തും ആയിരത്തിലധികം പ്രവാസിവോട്ടുകളുണ്ട്. പല മണ്ഡലങ്ങളിലും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന നിര്‍ണായക ശക്തി കൂടിയാണ് പ്രാവാസി വോട്ടര്‍മാര്‍.
Content Highlights: Kerala prepares to vote in the Assembly elections tomorrow, but a majority of expatriates remain unable to cast their votes, raising concerns.