പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരവേ, ഇറാനിൽ നിന്നുണ്ടായ പുതിയ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങളെ ബഹ്റൈൻ്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. ബുധനാഴ്ച അതിരാവിലെയാണ് ബഹ്റൈനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ആകാശ ഭീഷണിയുണ്ടായത്. ആക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന എയർ റൈഡ് സൈറണുകൾ മുഴങ്ങി.
ഇറാനിലെ വിവിധ സൈനിക താവളങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. എന്നാൽ ബഹ്റൈന്റെയും സഖ്യസേനയുടെയും കരുത്തുറ്റ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ ആക്രമണശ്രമങ്ങളെ ആകാശത്തുവെച്ചുതന്നെ വെടിവെച്ചിടുകയായിരുന്നു.
രാജ്യത്ത് സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൂർണ്ണമായ ശാന്തത പാലിക്കണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. സുരക്ഷ മുൻനിർത്തി എല്ലാവരും എത്രയും വേഗം തൊട്ടടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം നിർദേശിച്ചു. ആകാശത്തുവെച്ച് മിസൈലുകൾ തകർത്തതുമൂലം ഉണ്ടായ സ്ഫോടന ശബ്ദങ്ങളാണ് പലയിടങ്ങളിലും കേട്ടത്.
കുവൈറ്റിന് നേരെയും സമാനമായ രീതിയിൽ ഇന്ന് ആക്രമണശ്രമം ഉണ്ടായിരുന്നു. കുവൈറ്റിൽ വീണ്ടും വ്യോമാക്രമണ ഭീഷണി ഉയർന്നതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി. ശത്രുക്കളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തത് മൂലമാണെന്ന് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
നിലവിലെ സാഹചര്യം സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയോടെയും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പൂർണ്ണമായ ശാന്തത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആക്രമണത്തെത്തുടർന്ന് തകർന്നുവീഴുന്ന അവശിഷ്ടങ്ങൾക്ക് അടുത്തേക്ക് പോകരുതെന്നും സുരക്ഷാ മന്ത്രാലയങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അനാവശ്യമായ ആശങ്കകൾ ഒഴിവാക്കാൻ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കുവൈറ്റിലും അയൽരാജ്യമായ ബഹ്റൈനിലും മിസൈൽ ഭീഷണിയെത്തുടർന്ന് സൈറണുകൾ മുഴങ്ങിയത്.
Content Highlights: Bahrain's defence forces responded to a fresh attack attributed to Iran, successfully intercepting the threat. Authorities have intensified airspace surveillance and security measures amid escalating regional tensions.