ബഹ്റൈൻ ആരോഗ്യരംഗത്ത് നാല് പതിറ്റാണ്ടിന്റെ സേവനം; ഡോക്ടർ പിവി ചെറിയാൻ തിരുവനന്തപുരത്ത് അന്തരിച്ചു

ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ വലിയൊരു ചാലകശക്തിയായിരുന്നു ഡോ. ചെറിയാൻ

ബഹ്റൈൻ ആരോഗ്യരംഗത്തും സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാല് പതിറ്റാണ്ടിലേറെയായി സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഇന്ത്യൻ ഫിസിഷ്യൻ ഡോ. പിവി ചെറിയാൻ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ബഹ്റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ സംഘടനകളും പ്രവാസി സമൂഹവും അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

1979 ഒക്ടോബർ 16-നാണ് ഡോ. പിവി ചെറിയാൻ മുംബൈയിൽ നിന്ന് ബഹ്റൈനിൽ എത്തിയത്. തുടർന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രശസ്തമായ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിൽ മെഡിക്കൽ സേവനം ആരംഭിച്ച അദ്ദേഹം, വർഷങ്ങളോളം അവിടെ സേവനമനുഷ്ഠിച്ച് രാജ്യത്തിന്റെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഔദ്യോഗിക ജീവിതത്തിനിടെ ബഹ്റൈനിലെ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിലെ അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നിരവധി ദേശീയ-അന്തർദേശീയ സമ്മേളനങ്ങളുടെയും ഔദ്യോഗിക പൊതുപരിപാടികളുടെയും മെഡിക്കൽ കോർഡിനേറ്ററായും മികച്ച സേവനം കാഴ്ചവെച്ചു.

വൈദ്യസേവനത്തിനപ്പുറം ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ വലിയൊരു ചാലകശക്തിയായിരുന്നു ഡോ. ചെറിയാൻ. ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ ചെയർമാനായി മികച്ച രീതിയിൽ പ്രവർത്തിച്ച അദ്ദേഹം, ബഹ്റൈൻ കേരളീയ സമാജം, ഇന്ത്യൻ ക്ലബ്ബ്, കാൻസർ കെയർ ഗ്രൂപ്പ്, ബ്ലഡ് ഡോണേഴ്സ് കേരള തുടങ്ങി നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു. ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സമഗ്രമായ സേവനങ്ങൾ പ്രവാസി സമൂഹത്തിന്റെ ആദരവും സ്നേഹവും എന്നും നേടിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു.

Content Highlights: Veteran physician Dr. P.V. Cherian, known for his four decades of service in Bahrain's healthcare sector, passed away in Thiruvananthapuram. He is remembered for his significant contributions to medical care and the expatriate community.

To advertise here,contact us