ബഹ്റൈനിൽ ലേബർ സപ്ലൈ ഏജൻസി ലൈസൻസ് നടപടികൾ ലഘൂകരിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി. അപേക്ഷാ ഘട്ടങ്ങൾ നാലായി ചുരുക്കി ഡിജിറ്റൽ സേവനങ്ങൾ വിപുലപ്പെടുത്തി. ബഹ്റൈൻ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനാണ് പുതിയ പരിഷ്കാരം.
സർക്കാർ പൊതുസേവന പരിഷ്കരണങ്ങളുടെ ഭാഗമായി ലേബർ സപ്ലൈ ഏജൻസി ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള ഡിജിറ്റൽ സംവിധാനം നവീകരിച്ച് ബിസിനസ് നടപടികൾ കൂടുതൽ ലളിതമാക്കിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുകയും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം. ഒരു ഏജൻസിയുടെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ നിശ്ചിത കാലയളവിലേക്കോ പ്രത്യേക ജോലികൾക്കോ വേണ്ടി മൂന്നാം കക്ഷികൾക്ക് തൊഴിലാളികളെ വിതരണം ചെയ്യാൻ അനുമതി നൽകുന്നതാണ് ലേബർ സപ്ലൈ ലൈസൻസ്.
പുതിയ സംവിധാനത്തിൽ പ്രാഥമിക അനുമതിയും അന്തിമ ലൈസൻസ് വിതരണവും ഉൾപ്പെടുന്ന രണ്ട് ഘട്ടങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ മാറ്റത്തോടെ ലൈസൻസ് ലഭിക്കുന്നതിനുള്ള സമയപരിധി 20 പ്രവൃത്തിദിവസങ്ങളിൽ നിന്ന് 15 ദിവസമായി കുറച്ചതായി അതോറിറ്റി അറിയിച്ചു. ഇതിലൂടെ ഔദ്യോഗിക നടപടിക്രമങ്ങളുടെ സമയം ഏകദേശം 25 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു. അപേക്ഷാ നടപടികൾ പരമാവധി നാല് ഘട്ടങ്ങളാക്കി ചുരുക്കിയതോടൊപ്പം ആവശ്യമായ വിവരങ്ങൾ എല്ലാ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ പരിവർത്തനത്തിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് എൽഎംആർഎ മുൻഗണന നൽകുന്നതെന്ന് അതോറിറ്റിയുടെ സർവീസസ് ആൻഡ് ബിസിനസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഇബ്രാഹിം അൽ അറബി പറഞ്ഞു. പുതിയ പരിഷ്കാരം ബിസിനസ് മേഖലയ്ക്ക് ഗുണകരമാകുകയും ബഹ്റൈൻ തൊഴിൽ വിപണിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരം നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വിവിധ വകുപ്പുകളിലായി 1,300-ലധികം സേവനങ്ങൾ ഇതിനകം രേഖപ്പെടുത്തുകയും 800-ലധികം സേവനങ്ങൾ നവീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Content Highlights: Bahrain authorities have introduced streamlined procedures for business registration, reducing administrative hurdles for entrepreneurs and investors. The initiative is expected to support economic growth, attract investments, and improve the ease of doing business in the kingdom.