ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം ശക്തമാകുന്നു; ചർച്ച നടത്തി നേതാക്കൾ

ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ഊന്നിപ്പറഞ്ഞു.

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ റിഫാ കൊട്ടാരത്തിൽ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡർ ഹിസ് എക്സലൻസി അലസ്റ്റെയർ ലോങ്ങിനെ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി. ബഹ്റൈനും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധത്തിന്റെ ആഴം അദ്ദേഹം ചർച്ചയിൽ എടുത്തുപറഞ്ഞു.

സമഗ്ര സുരക്ഷാ സംയോജന-സമൃദ്ധി കരാർ (C-SIPA) ഉൾപ്പെടെയുള്ള തന്ത്രപ്രധാന പങ്കാളിത്തങ്ങളിലൂടെ ഇരുരാജ്യങ്ങളും വിവിധ മേഖലകളിൽ കൈവരിക്കുന്ന പുരോഗതി കിരീടാവകാശി പ്രശംസിച്ചു. മേഖലയിലെ ഇറാൻ അധിനിവേശ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കുന്നതിൽ ബഹ്റൈൻ-യുകെ പങ്കാളിത്തം വഹിക്കുന്ന നിർണായക പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.

മേഖലയുടെ സുരക്ഷയും സ്ഥിരതയും അന്താരാഷ്ട്ര വികസനവും ഉറപ്പാക്കുന്നതിൽ ബ്രിട്ടൻ സഖ്യരാജ്യങ്ങളുമായി ചേർന്ന് നൽകുന്ന പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ഊന്നിപ്പറഞ്ഞു.

ജിസിസി-യുകെ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കി സംയുക്ത പ്രസ്താവനയിൽ ഒപ്പുവെക്കാൻ സാധിച്ചതിലെ പുരോഗതിയെയും കിരീടാവകാശി സ്വാഗതം ചെയ്തു. ഈ കരാർ ജിസിസി രാജ്യങ്ങളും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഗൾഫ് രാജ്യങ്ങളുടെ ദീർഘകാല വികസന ലക്ഷ്യങ്ങൾക്ക് പിന്തുണയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈന്റെ ജിസി‌സി അധ്യക്ഷപദവി കാലയളവിൽ ഈ നേട്ടം കൈവരിക്കാൻ പ്രവർത്തിച്ച വ്യവസായ-വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദൽ ഫക്രോയും വിവിധ സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ ഉൾപ്പെട്ട നാഷണൽ ടാസ്ക് ഫോഴ്സ് അംഗങ്ങളെയും കിരീടാവകാശി അഭിനന്ദിച്ചു. പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളും പരസ്പര താൽപര്യമുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കാബിനറ്റ് കാര്യ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാൽക്കിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Content Highlights: Leaders of Bahrain and the United Kingdom held discussions to strengthen strategic cooperation and bilateral ties. The meeting focused on enhancing partnership in various sectors including security, economy, and regional coordination.

To advertise here,contact us