ബഹ്റൈനില്‍ സ്വകാര്യ മേഖലാ തൊഴിലാളികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമ ഭേദഗതി വരുന്നു. ജോലിയില്‍ നിന്ന് അന്യായി പിരിച്ചുവിടുന്ന തൊഴിലാളിയെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കോടതിക്ക് അധികാരം നല്കുന്ന പുതിയ നിയമം നടപ്പിലാക്കണമെന്നാണ് എംപിമാരുടെ നിര്‍ദ്ദേശം.
ബഹ്റൈനില്‍ സ്വകാര്യ മേഖലയില്‍ അന്യായമായി ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയമപരമായ സംരക്ഷണം നല്കുന്ന പുതിയ ഭേദഗതിക്കായാണ് ബഹ്റൈന്‍ പാര്‍ലമെന്റില്‍ നീക്കം ശക്തമാകുന്നത്. എംപി സൈനബ് അബ്ദുല്‍ അമീറിന്റെ നേതൃത്വത്തില്‍ അഞ്ച് എംപിമാര്‍ ചേര്‍ന്നാണ് 2012-ലെ 36-ാം നമ്പര്‍ നിയമപ്രകാരമുള്ള സ്വകാര്യ മേഖലാ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 104 ഭേദഗതി ചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.
നിലവിലെ നിയമപ്രകാരം അന്യായമായ പിരിച്ചുവിടലുകള്‍ സംഭവിച്ചാല്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരമാണ് ലഭിക്കുന്നത്. എന്നാല്‍ പുതിയ ഭേദഗതി നിലവില്‍ വന്നാല്‍, പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് കോടതി കണ്ടെത്തുകയും ഇക്കാര്യം ജീവനക്കാരന് സാക്ഷ്യപ്പെടുത്തുകയും ചെയ്താല്‍ അയാളെ പഴയ ജോലി സ്ഥാനത്തേക്ക് തന്നെ തിരിച്ചെടുക്കാന്‍ കോടതിക്ക് നേരിട്ട് ഉത്തരവിടാനുള്ള അധികാരം ലഭിക്കും. വെറും നഷ്ടപരിഹാരം നല്‍കുന്നതിലൂടെ ജോലി നഷ്ടപ്പെടുന്നതിന്റെ യഥാര്‍ത്ഥ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാകില്ലെന്നാണ് എം.പി സൈനബ് അബ്ദുല്‍ അമീര്‍ വ്യക്തമാക്കിയത്.
കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ ജോലി നഷ്ടപ്പെടുമ്പോള്‍ തൊഴിലാളികള്‍ കടബാധ്യതകള്‍, വായ്പകള്‍, വീട്ടുചെലവുകള്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ നിരവധി സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നുണ്ടെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ സുരക്ഷിതത്വം തൊഴിലാളികളുടെ സാമൂഹികവും മാനസികവുമായ സ്ഥിരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. പെട്ടെന്നുള്ള തൊഴിലില്ലായ്മ പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലേക്കും നിയമപരമായ തര്‍ക്കങ്ങളിലേക്കും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും തള്ളിവിടുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ക്ക് കൂടുതല്‍ നീതിയും സംരക്ഷണവും ഉറപ്പാക്കാന്‍ ഈ നിയമഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും എംപിമാര്‍ പറഞ്ഞു.
Content Highlights: Bahrain has proposed new amendments to labor laws to enhance the rights of private sector employees. The move is intended to improve worker protection, ensure better employment conditions, and strengthen labor regulations in the country.