ഇന്ത്യക്കും ബഹ്റൈനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ കൂടുതല്‍ സജീവമാകുന്നു. പ്രവാസികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രമുഖ എയര്‍ലൈന്‍സുകള്‍ പുതിയ ഷെഡ്യൂളുകളും റൂട്ടുകളും പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യവും അവധിക്കാലത്തെ തിരക്കും കണക്കിലെടുത്ത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനം.
സംഘര്‍ഷ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതോടെയാണ് ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. പ്രമുഖ വിമാനക്കമ്പനികളായ ഇന്‍ഡിഗോയും എയര്‍ ഇന്ത്യ എക്സ്പ്രസും മെയ് മാസം മുതല്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് മുംബൈ-ബഹ്റൈന്‍ സര്‍വീസ് മെയ് രണ്ട് മുതല്‍ പുനരാരംഭിക്കും. ദിവസേനയുള്ള സര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മുംബൈ വഴി ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുള്ള കണക്ഷന് വിമാനങ്ങളുടെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.
ബഹ്റൈനില്‍ നിന്ന് കൊച്ചി, ഹൈദരാബാദ് നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ ജൂണ്‍ 18 മുതല്‍ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബഹ്റൈനിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സപ്രസ് മെയ് ഏഴ് മുതല്‍ പുനരാരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ ഉണ്ടാവുക.
കണ്ണൂരില്‍ നിന്ന് രാത്രി 08:35-ന് പുറപ്പെടുന്ന വിമാനം ബഹ്റൈനില്‍ നിന്ന് രാത്രി തിരിച്ച് കേരളത്തിലേക്ക് പറക്കുന്ന രീതിയിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ പ്രഖ്യാപിച്ച പുതിയ സര്‍വീസുകള്‍ ബഹ്റൈനിലെ പ്രവാസിമലയാളികളെ സംബന്ധിച്ച് എറെ ആശ്വാസം പകരുന്നതാണ്. കൂടുതല്‍ സര്‍വീസുകള്‍ വരുന്നതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് ഉണ്ടാകുമെന്നും പ്രവാസികള്‍ പ്രതീക്ഷിക്കുന്നു.
Content Highlights: More flight services between India and Bahrain are becoming active, bringing major relief to expatriates with better travel options and connectivity.