ബഹ്റൈനിലെ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘം ജനങ്ങളെ സമീപിക്കുന്നത്

ബഹ്‌റൈനിലെ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് സജീവമാകുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലാണ് തട്ടിപ്പ്. ഇത്തരം സംഘര്‍ഷങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും ബാങ്ക് വിശദാംശങ്ങളും സ്വകാര്യ വിവങ്ങളും കൈമാറരുതെന്നും ബഹ്റൈനിലെ ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘം ജനങ്ങളെ സമീപിക്കുന്നത്. ഇതിനായി ന്യൂഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക നമ്പരുകളില്‍ ഒന്ന് വ്യാജമായി നിര്‍മ്മിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. പൊതുജനങ്ങളില്‍ വിശ്വാസ്യത നേടിയെടുക്കുന്നതിനായാണ് വ്യാജ നമ്പര്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. വിസ അപേക്ഷകള്‍, പാസ്പോര്‍ട്ട് പരമായ കാര്യങ്ങള്‍, ഇമിഗ്രേഷന്‍ തുടങ്ങിയ രേഖകളില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഫോണ്‍ കോളുകള്‍ എത്തുന്നത്. പിന്നാലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പണം അടക്കണമെന്നും അതിനായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കണമെന്നും ആവശ്യപ്പെടും.

പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നോ ജയിലിലടയ്ക്കുമെന്നോ ഭീഷണിപ്പെടുത്തുകയാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് ആവശ്യപ്പെട്ടു. വ്യാജ കോളുകള്‍ അവഗണിക്കണമെന്നും ബാങ്ക് വിശദാംശങ്ങളും വ്യക്തിഗത വിവരങ്ങളും ഒരു കാരണവശാലും കൈമാറരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ലഭിച്ചാല്‍ അക്കൗണ്ടിലുള്ള വലിയ തുക പിന്‍വലിക്കാന്‍ തട്ടിപ്പ് സംഘത്തിന് കഴിയും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഫോണിലൂടെ വ്യക്തിഗത വിവരങ്ങളോ പണമോ ആവശ്യപ്പെടില്ലെന്നും എംബസി വ്യക്തമാക്കി.

അപേക്ഷകരില്‍ നിന്നും കൂടുതല്‍ രേഖകള്‍ ആവശ്യമുണ്ടെങ്കില്‍ ഔദ്യോഗിക ഇ മെയില്‍ വഴി മാത്രമെ ഉദ്യേഗസ്ഥര്‍ ബന്ധപ്പെടുകയുള്ളൂ. തട്ടിപ്പിന് ഇരയാകുകയോ വ്യാജ കോളുകള്‍ ലഭിക്കുകയോ ചെയ്യുന്നവര്‍ ഉടന്‍ തന്നെ എംബസിയുടെ ഔദ്യോ​ഗിക ഇ-മെയിലിലോ പ്രാദേശിക പൊലീസിലോ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Content Highlights: Authorities in Bahrain have warned Indian expatriates about rising online scams involving fake job offers and phishing attacks. Public advised to stay alert and report suspicious activities.

To advertise here,contact us