ഇറാന് ആക്രമണങ്ങളെ തുടര്‍ന്ന് ബഹ്റൈനിലെ വായുനിലവാരം അപകടകരമായ അവസ്ഥയിലാണെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ്. തുടര്‍ച്ചയായ പരിശോധനകളില്‍ എവിടെയും വായു മലിനീകരണം കണ്ടെത്തിയിട്ടില്ല. രാജ്യത്തെ വായുനിലവാരം സാധാരണ നിലയിലാണെന്നും വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ബഹ്റൈനിലെ ബാപ്കോ എനര്‍ജീസ്, ജിപിഐസി എന്നീ സ്ഥാപനങ്ങള്‍ക്ക് നേരെ ഇറാന് ആക്രമണം നടത്തിയതിന് പിന്നാലെയാണ് രാജ്യത്തെ വായുനിലവാരം അപകടകരമായ രീതിയിലാണെന്ന പ്രചാരണം ശക്തമായത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ആശങ്കപ്പെടേണ്ട യാതൊതു സാഹചര്യവും നിലവിലില്ലെന്നും വ്യക്തമാക്കുകയാണ് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ്.
വിദഗ്ധ സംഘം ബാപ്കോ, ജിപിഐസി പരിസരങ്ങളിലും സമീപത്തെ ജനവാസ മേഖലകളിലും സമഗ്രമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ വായുവില്‍ അസാധാരണമായ രീതിയിലുള്ള വിഷവാതകങ്ങളോ മലിനീകരണമോ കണ്ടെത്തിയിട്ടില്ലെന്നും പരിശോധനാ ഫലങ്ങള്‍ സാധാരണ നിലയിലാണെന്നും കൗണ്‍സില്‍ വ്യക്തമാക്കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വായുനിലവാരം 24 മണിക്കൂറും നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് നിലവില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രത്യേക പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് അറിയിച്ചു. ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുളള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് വ്യക്തമാക്കി.
Content Highlights: Bahrain officials have clarified that recent circulating warnings about hazardous air quality are false. The authorities confirmed that air conditions remain safe for public health, urging residents not to rely on unverified information and to trust official sources for environmental updates.