ബഹ്റൈനില്‍ മടങ്ങുന്ന ചെക്കുകള്‍ക്ക് തുക ഈടാക്കാന്‍ പുതിയ സംവിധാനവുമായി നീതിന്യായ മന്ത്രാലയം. വാണിജ്യ സിവില്‍ ഇടപാടുകളില്‍ ചെക്കുകള്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും കടക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ വേഗത്തില്‍ സംരക്ഷിക്കാനും പുതിയ നീക്കം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ബഹ്റൈനില്‍ ബാങ്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങുന്ന ചെക്കുകള്‍ വഴി തുക ഈടാക്കുന്നതിനുള്ള സംവിധാനത്തിനാണ് നീതിന്യായ മന്ത്രാലയം തുടക്കം കുറിച്ചിരിക്കുന്നത്. കോടതിയില്‍ കേസ് ഫയല്‍ ചെയ്യാതെ തന്നെ, ചെക്ക് ഒരു എക്സിക്യൂട്ടിവ് രേഖയായി പരിഗണിച്ച് തുക ഈടാക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ സംവിധാനം.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് ബഹ്റൈന്‍ നാഷനല്‍ പോര്‍ട്ടല്‍ വഴിയാണ് സേവനം ലഭ്യമാക്കുന്നത്. വാണിജ്യ നിയമത്തിലെ ഭേദഗതി അനുസരിച്ച്, മടങ്ങിയ ചെക്കുകള്‍ ഇനി നേരിട്ട് നടപ്പാക്കാവുന്ന ഔദ്യോഗിക രേഖയായി പരിഗണിക്കും. ഇതിനായി കോടതിയില്‍ പ്രത്യേകം കേസ് നല്‍കേണ്ടതില്ല. ചെക്ക് തുകയുടെ രണ്ട് ശതമാനം എന്‍ഫോഴ്സ്മെന്റ് ഫീസായി നല്‍കണം. ഇത് പരമാവധി 1,000 ബഹ്റൈന്‍ ദീനാറായിരിക്കുമെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു.
അപേക്ഷ നല്കുമ്പോള് തന്നെ ഈ തുക ഓണ്‍ലൈനായി അടക്കണം. കൂടാതെ തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ചെക്ക് നല്കിയ വ്യക്തിക്ക് നല്കിയ നോട്ടീസ്, അക്കൗണ്ടില്‍ പണമില്ലെന്ന് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ് ചെക്കിന്റെ ഇരുവശങ്ങളുടേയും വ്യക്തമായ പകര്‍പ്പ്, പവര്‍ ഓഫ് അറ്റോര്‍ണി എന്നിവയും അപേക്ഷയോടെപ്പം സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചില്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും. ഇത്തരം അപേക്ഷകള്‍ക്ക് നല്കുന്ന ഫീസ് തിരികെ ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ സിവില്‍ ഇടപാടുകളില്‍ ചെക്കുകള്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാനും കടക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ വേഗത്തില്‍ സംരക്ഷിക്കാനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Bahrain authorities have implemented a system enabling banks to levy charges on returned cheques. The measure is intended to promote responsible banking practices and discourage cheque dishonor.