രണ്ടാം വരവില്‍ തകര്‍ന്നടിഞ്ഞ് അമരവും, മമ്മൂട്ടിയുടെ റീറിലീസുകള്‍ക്ക് എവിടെയാണ് പിഴച്ചത്?

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ അച്ചൂട്ടിയെ കാണാന്‍ എന്തുകൊണ്ടാണ് തിയേറ്ററിലേക്ക് ആളുകള്‍ എത്താത്തത്?

1 min read|09 Nov 2025, 10:03 pm

പുതിയ സിനിമകളുടെ റിലീസുകള്‍ക്കിടയിലും പഴയ ചിത്രങ്ങളുടെ റീറിലീസുകള്‍ക്ക് ഒരു പ്രത്യേക സ്വീകാര്യത ഇപ്പോള്‍ പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഈ പ്രവണത കാണാം. എന്നാല്‍ മലയാളത്തില്‍ മമ്മൂട്ടിയുടെ റീറിലീസ് ചിത്രങ്ങള്‍ വേണ്ട രീതിയില്‍ നല്ല പ്രകടനം തിയേറ്ററുകളില്‍ കാഴ്ചവെക്കുന്നില്ല എന്നാണ് ആരാധകരും പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയ അമരം എന്ന എവര്‍ഗ്രീന്‍ ചിത്രത്തിനും സിനിമാപ്രേമികളെ തിയേറ്ററിലെത്തിക്കാനായിട്ടില്ല. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ അച്ചൂട്ടിയെ കാണാന്‍ എന്തുകൊണ്ടാണ് തിയേറ്ററിലേക്ക് ആളുകള്‍ എത്താത്തത്? എവിടെയാണ് ഇതിലെ പ്രശ്നം? ശരിയായ പ്രൊമോഷന്‍ കൊടുക്കാത്തതോ? റീറിലീസ് ചെയ്യണ്ടേ സിനിമകള്‍ ചെയ്യാത്തതോ? മിക്ക സിനിമ ഗ്രൂപ്പുകളിലും ഇതാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

മമ്മൂട്ടിയുടെ ആദ്യം റീറിലീസിന് എത്തിയ പാലേരിമാണിക്യം വന്‍ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. പിന്നീട് എത്തിയ ഒരു വടക്കന്‍ വീരഗാഥ എന്ന ക്ലാസിക്കിന് കുറച്ചെങ്കിലും ആളുകളെ തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചു. വല്ല്യേട്ടന്‍ റിലീസ് ചെയ്തപ്പോള്‍ ചെറിയ ഓളം തിയേറ്ററുകളില്‍ ഉണ്ടായെങ്കിലും അതും വന്‍ വിജയമായില്ല. ആവനാഴി ആരുമറിയാതെയാണ് കടന്നുപോയത്. ഇപ്പോഴിതാ അമരത്തിന്റെ റീറിലീസിനും തണുപ്പന്‍ പ്രതികരണം ലഭിച്ചിരിക്കുന്നു. സിനിമാ കാണാന്‍ ആഗ്രഹിച്ച് തിയേറ്ററിലെത്തുന്നവര്‍ക്ക് പോലും പത്ത് പേര്‍ തികച്ച് ഇല്ലാത്തതിനാല്‍ ഷോ കളിക്കാന്‍ തിയേറ്ററുടമകള്‍ തയ്യാറാകാത്തത് നിരാശയാകുന്നു. ഒരുപാട് പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ അനുഭവം പങ്കുവെച്ചിട്ടുണ്ട്.

പ്രേക്ഷകരെ വീണ്ടും തിയേറ്ററിലെത്തിക്കാന്‍ ആവശ്യപ്പെടുന്ന സിനിമകള്‍ അല്ല മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്നത് എന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. റീറിലീസിന് എത്തിയ സിനിമകളെല്ലാം മികച്ച ചിത്രങ്ങളാണെന്നതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ റീറിലീസ് വാല്യു എന്നത് വ്യത്യസ്തമായ ഘടകമാണെന്നും ഇവര്‍ പറയുന്നു. തിയേറ്ററുകളില്‍ ആഘോഷമാക്കാന്‍ കഴിയുന്ന, നൊസ്റ്റാള്‍ജിക് ഫീലുള്ള ചിത്രങ്ങളാണ് റീറിലീസില്‍ വിജയിക്കുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മോഹന്‍ലാലിന്റെയും വിജയ്‌യുടെയുമെല്ലാം റീറിലിസുകള്‍ ചൂണ്ടിക്കാണിച്ചാണ് പ്രേക്ഷകര്‍ ഇക്കാര്യം പറയുന്നത്.

പക്കാ സെലിബ്രേഷന്‍ മൂഡ് സിനിമകളാണ് മോഹന്‍ലാലിന്റേതായി റീറിലീസ് ചെയ്യുന്നത്. കൂടുതല്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് അത്തരം സിനിമകളാണ്. സ്ഫടികം പുറത്തിറങ്ങിയപ്പോള്‍ ഒരു വലിയ ഓളം സൃഷ്ടിക്കാനായി. ആദ്യമായി തിയേറ്ററിലെത്തിയപ്പോള്‍ പരാജയം നുണഞ്ഞ ദേവദൂതന്‍ റീറിലിസില്‍ കളക്ഷന്‍ വാരിക്കൂട്ടി. അന്നും ഇന്നും ഹിറ്റായ മണിച്ചിത്രത്താഴും മികച്ച വിജയം സ്വന്തമാക്കി. ഛോട്ടാ മുംബൈയും രാവണപ്രഭുവും ആഘോഷ സിനിമകള്‍ ആയതിനാല്‍ യുവാക്കള്‍ ചിത്രം ഏറ്റെടുത്തു. തിയേറ്ററുകളില്‍ ആരാധകരെത്തി ആഘോഷതിമിര്‍പ്പില്‍ ആറാടുന്നത് കണ്ടു.

മമ്മൂട്ടിയുടെ രാജമാണിക്യം, കോട്ടയം കുഞ്ഞച്ചന്‍, മായാവി, തുറുപ്പ് ഗുലാന്‍ പോലുള്ള ചിത്രങ്ങള്‍ റീറിലീസ് ചെയ്യൂ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ദേവദൂതനെ പോലെ രണ്ടാം വരവില്‍ വിജയിക്കുമെന്ന് പ്രേക്ഷകര്‍ ഉറപ്പ് പറയുന്ന ചിത്രമാണ് ബിഗ് ബി. കാരണം ആദ്യം തിയേറ്ററുകളിലെത്തിയപ്പോള്‍ വിജയം സ്വന്തമാക്കാനാകാതിരുന്ന ചിത്രത്തിന് പിന്നീട് വന്‍ ഫാന്‍ ഫോളോയിംഗാണ് പിന്നീട് ഉണ്ടായത്. ബിലാല്‍ ജോണ്‍ കുരിശിങ്കലിനെ വലിയ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. അമല്‍ നീരദിന്റെ ഓരോ സിനിമകള്‍ വരുമ്പോഴും ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ എവിടെ എന്ന് ചോദിക്കുന്നവര്‍ എത്രയോ ഏറെയാണ്. ഇവയെല്ലാം വെച്ചുകൊണ്ട് റീറിലീസിനായി ചിത്രങ്ങള്‍ ബുദ്ധിപൂര്‍വം തിരഞ്ഞെടുക്കണമെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.

ശരിയായ പ്രൊമോഷന്‍ നടത്താതെയാണ് പല മമ്മൂട്ടി ചിത്രങ്ങളും തിയേറ്ററിലെത്തുന്നത് എന്നാണ് ഉയരുന്ന മറ്റൊരു അഭിപ്രായം. വല്യേട്ടനും വടക്കന്‍ വീരഗാഥയും മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തമായത്. മറ്റ് ചിത്രങ്ങള്‍ക്കെല്ലാം ചില പോസ്റ്ററുകളും കുറഞ്ഞ അഭിമുഖങ്ങളും വന്നു എന്നതൊഴിച്ചാല്‍ വേണ്ട രീതിയിലുള്ള ഒരു പ്രൊമോഷനും നടന്നിരുന്നില്ല. ആ സിനിമയെ കുറിച്ചുള്ള ഓര്‍മകള്‍ ആളുകളിലുണര്‍ത്തുന്ന പ്രൊമോഷന്‍ രീതികള്‍ ഉണ്ടായില്ല. പുതിയ ചിത്രങ്ങളുടെ വിജയത്തില്‍ പോലും അവ ആവശ്യപ്പെടുന്ന പ്രൊമോഷന്‍ നിര്‍ണായകമായ കാലമാണിത്. ഒടിടിയ്ക്ക് ശേഷം ആളുകള്‍ തിയേറ്ററുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങളില്‍ പോലും വലിയ മാറ്റം വന്നുകഴിഞ്ഞു. നിങ്ങള്‍ എത്ര തവണ ടിവിയില്‍ കണ്ടാലും ഈ സിനിമ തിയേറ്ററില്‍ വന്ന് കാണണം എന്ന തോന്നല്‍ പ്രേക്ഷകരിലുണ്ടാകും വിധം റീറിലീസ് പ്രൊമോഷന്‍സ് നടത്തണം. അതിന് നിര്‍മാതാക്കള്‍ തയ്യാറല്ലെങ്കില്‍ പിന്നീട് ആളെത്താതില്‍ അതിശയിക്കാനാകില്ല.

ഇതുവരെ റീറിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൂടി ഒന്ന് നോക്കാം. ആദ്യം റിലീസ് ചെയ്ത പാലേരിമാണിക്യത്തിന് റിലീസ് ദിവസത്തില്‍ പോലും ടിക്കറ്റുകള്‍ വിറ്റ് പോകുന്നില്ലായിരുന്നു. കൃത്യമായ ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വളരെ കുറച്ച് തുക മാത്രമേ പാലേരിമാണിക്യത്തിന് ലഭിച്ചിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്. ഒരു കോടിയിലധികം രൂപയാണ് ഒരു വടക്കന്‍ വീരഗാഥ നേടിയത്. 95 ലക്ഷം രൂപയാണ് ആഗോളതലത്തില്‍ വല്ല്യേട്ടന് ലഭിച്ചത്. ഇപ്പോള്‍ പുറത്തിറങ്ങിയ അമരം റിലീസ് ചെയ്ത രണ്ടു ദിവസം കഴിഞ്ഞിട്ടും ബോക്സ് ഓഫീസില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ്.

റീറിലീസില്‍ തിയേറ്ററില്‍ ആളില്ലായിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഈ ചിത്രങ്ങള്‍ മോശമായിരുന്നു എന്നോ റിപ്പീറ്റ് വാല്യു ഇല്ലെന്നോ ഒരിക്കലും പറയാനാകില്ല. സിനിമയുടെ മൂല്യം റീറിലീസിനെ ആശ്രയിച്ചല്ല ഇരിക്കുന്നതും. അച്ചൂട്ടിയും അഹമ്മദ് ഹാജിയും ചന്തുവും മാധവനുണ്ണിയും ബല്‍റാമുമെല്ലാം പ്രേക്ഷകര്‍ അത്രമേല്‍ ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ വേഷങ്ങളുമാണ്. പക്ഷെ റീറിലീസ് ഒരു ഡിഫറന്റ് ഗെയിം ആണ് എന്ന് മാത്രം.

Content Highlights: what is happening to Mammoottys re release movies in box office

To advertise here,contact us