അതിവേഗം മാറിയ അർജന്റീനൻ താരം; എൻസോ ഫെർണാണ്ടസിന് പിറന്നാൾ

ഖത്തറിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം എൻസോയ്ക്കായിരുന്നു

കാലം അതിവേഗം കടന്നുപോകും. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. അർജന്റീനൻ മധ്യനിര താരം എൻസോ ഫെർണാണ്ടസ് അത്തരം മാറ്റങ്ങളുടെ ഭാഗമായിട്ടുണ്ട്. 2019ൽ അർജന്റീനൻ ക്ലബായ റിവർ പ്ലേറ്റിലാണ് എൻസോ ഫെർണാണ്ടസ് തന്റെ കരിയറിന് തുടക്കമിട്ടത്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി എൻസോ മാറി. ഇതിനിടെയിൽ അയാളുടെ കരിയറിനെ മാറ്റിമറിച്ചത് ഖത്തറിലെ ലോകപോരാട്ടമായിരുന്നു. ഇന്ന് എൻസോ ഫെർണാണ്ടസിന് 23 വയസ് തികയുകയാണ്. ഇനി ഏറെക്കാലത്തെ ഫുട്ബോൾ കരിയർ അയാൾക്ക് ബാക്കിയുണ്ട്. മാറ്റങ്ങളുടെ കാലത്ത് ഇനി എന്തെല്ലാം എൻസോയിൽ നിന്ന് പ്രതീക്ഷിക്കാമെന്നത് ഫുട്ബോൾ ലോകം കാത്തിരിക്കുകയാണ്.

ഖത്തറിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം എൻസോയ്ക്കായിരുന്നു. 21-ാം വയസിലാണ് അർജന്റീനൻ ടീമിൽ എൻസോ അരങ്ങേറിയത്. തന്റെ ഇഷ്ടതാരമായ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ കഴിഞ്ഞത് എൻസോ ഫെർണാണ്ടസിനെ ആവേശഭരിതനാക്കി. ഗ്രൗണ്ടിലെ ഊർജ്ജസ്വലനായ താരം, സാങ്കേതികതികവ്, പന്ത് തട്ടിയെടുക്കാനുള്ള കൗശലമെല്ലാം ലോകകപ്പ് ടീമിലേക്ക് വഴിതെളിച്ചു. മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ അതിമനോഹരമായ ഒരു ഗോളും ഈ മധ്യനിര താരം നേടിയെടുത്തു.

എൻസോയെ കായിക ലോകം ഓർക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. 2016ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചു. അർജന്റീനയ്ക്കായി ഒരു ടൂർണമെന്റ് പോലും ജയിക്കാൻ കഴിയാത്തതിന്റെ നിരാശയിലായിരുന്നു ആ തീരുമാനം. നൂറ്റാണ്ടിന്റെ കോപ്പയിൽ പരാജയപ്പെട്ട് പൊട്ടിക്കരയുന്ന മെസ്സിയെ ലോകം കണ്ടിട്ടുണ്ട്. അന്ന് മെസ്സി തിരിച്ചുവരണമെന്നാഗ്രഹിച്ച് കത്തെഴുതിയ താരമാണ് എൻസോ.

ലിയോ താങ്കൾക്ക് ഇഷ്ടമുള്ളത് ചെയ്യാം. എന്നാൽ അർജന്റീനൻ ടീമിനൊപ്പം താങ്കൾ തുടരണം. നീലയും വെള്ളയും നിറമുള്ള കുപ്പായത്തിൽ താങ്കൾ കളിക്കുന്നത് കാണുന്നതാണ് ലോകത്തിലെ ഏറ്റവും അഭിമാനകരമായ കാര്യം. സമ്മർദ്ദങ്ങളുടെ ലോകത്ത്, ഏറ്റവും പ്രധാനമായി ലഭിക്കേണ്ടത് ആനന്ദമാണ്. ആനന്ദിപ്പിക്കാനായി കളിക്കുക, അങ്ങനെ കളിക്കുമ്പോൾ അത് ഈ ലോകത്തെ എത്രമാത്രം ആനന്ദിപ്പിക്കുന്നുണ്ടെന്ന് താങ്കൾ അറിയാതെ പോകരുത്. എൻസോ ഫെർണാണ്ടസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

😍 A corazón abierto⚽️ De escribirle una carta hermosa en su despedida de la Selección a gritar juntos dos goles cruciales en #Qatar2022 ✍️ Enzo Fernández y Lionel Messi, unidos por el celeste y blanco 🇦🇷 pic.twitter.com/KXdDD5GJKD

ആറ് വർഷം കടന്നുപോയി. മാറ്റത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും പിറന്നു. ഇന്ന് മെസ്സിയുടെ ആനന്ദത്തിനൊപ്പം എൻസോയും സന്തോഷവാനാണ്. ഇനിയുള്ള കരിയറിൽ അയാൾക്ക് മുന്നോട്ടുപോകാൻ ഇതിലും വലിയ പ്രചോദനങ്ങൾ വേറെ ഉണ്ടാകില്ല.

To advertise here,contact us