ഓപ്പറേഷൻ സിന്ദൂർ ആസ്പദമാക്കിയ ചിത്രത്തിന് അയോധ്യയിൽ തുടക്കം; പൂജ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ

പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും സിനിമയാകുന്നു; അർജുൻ സർജ ചിത്രം തുടങ്ങിയത് അയോധ്യയിൽ

arjun sarja

സംവിധാനം ആക്ഷൻ കിങ് അർജുൻ സർജ; തിരക്കഥ റിട്ട. കരസേനാ ഉദ്യോഗസ്ഥൻ മേജർ വിജയ് ഭാർഗവ്; ഒമ്പത് ഭാഷകളിൽ, 2027 സ്വാതന്ത്ര്യദിനത്തിൽ റിലീസ്. അയോധ്യ, നവംബർ 27: പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറും ആസ്പദമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ നടന്ന പൂജാച്ചടങ്ങോടെ തുടക്കമായി. ആക്ഷൻ കിങ് അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രം പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹനാണ് നിർമിക്കുന്നത്.

വിരമിച്ച കരസേനാ ഉദ്യോഗസ്ഥനായ മേജർ വിജയ് ഭാർഗവാണ് തിരക്കഥ ഒരുക്കുന്നത്. രാജ്യത്തിന്റെ വീര്യത്തിനും ധൈര്യത്തിനും അതിജീവനശേഷിക്കുമുള്ള ആദരമായാണ് ചിത്രം ഒരുക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ശ്രീരാമജന്മഭൂമി തീർഥക്ഷേത്രത്തിൽ പൂജാച്ചടങ്ങ് നടക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്നും ഇന്ത്യൻ സിനിമയ്ക്ക് ഇതൊരു ചരിത്രനിമിഷമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. സംവിധായകൻ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽനിന്നുള്ള വിശിഷ്ടവ്യക്തികളും പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

രാജ്യത്തിന് സമർപ്പിക്കുന്ന ചിത്രം

പതിവ് വാണിജ്യസിനിമയുടെ അതിരുകൾക്കപ്പുറം, രാജ്യത്തിനാകെയുള്ള ആദരമായി നിലകൊള്ളുന്ന ഒരു ചിത്രമാണ് സംവിധായകൻ അർജുൻ സർജയും നിർമാതാവ് അനൂപ് മോഹനും ലക്ഷ്യമിടുന്നത്. ആക്ഷൻ സിനിമകളിൽ അർജുൻ സർജയ്ക്കുള്ള കൈയടക്കവും വലിയ ക്യാൻവാസിൽ ചിത്രം ഒരുക്കാനുള്ള അനൂപ് മോഹന്റെ ആഗ്രഹവും ഒത്തുചേരുമ്പോൾ ദൃശ്യഗാംഭീര്യവും ഉള്ളടക്കവും വൈകാരികതയും ആധികാരികതയും ഒരുപോലെ ചേരുന്ന ചലച്ചിത്രാനുഭവമാകും ചിത്രമെന്നാണ് പ്രതീക്ഷ. കഥ അർഹിക്കുന്ന വലുപ്പത്തിൽ തന്നെ അവതരിപ്പിക്കുമ്പോഴും അതിന്റെ വൈകാരിക കാതൽ കൈവിടില്ലെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.

ഓരോ ഇന്ത്യക്കാരന്റെയും ഉള്ളുതൊടുന്ന കഥ

രാജ്യത്തിന്റെ കൂട്ടായ ഓർമയിൽ ഇന്നും മായാതെ നിൽക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ. പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ നിർണായക അധ്യായം ശക്തമായ ദൃശ്യഭാഷയിൽ അവതരിപ്പിക്കുകയാണ് ചിത്രം. സൈനികജീവിതത്തിന്റെ യാഥാർഥ്യങ്ങളും ത്യാഗവും ദേശസുരക്ഷയും നേരിട്ടറിഞ്ഞ അനുഭവസമ്പത്തുമായാണ് മേജർ വിജയ് ഭാർഗവ് തിരക്കഥയൊരുക്കുന്നത്. ആധികാരികതയും വൈകാരിക ആഴവും ഒരുപോലെ ആവശ്യപ്പെടുന്ന കഥയ്ക്ക് മണ്ണിൽ ചവിട്ടിനിൽക്കുന്ന പുതിയൊരു സമീപനമാണ് അദ്ദേഹം നൽകുന്നത്.

പഹൽഗാം ഭീകരാക്രമണം വെറുമൊരു വാർത്തയായിരുന്നില്ല; ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയത്തിലേറ്റ മുറിവായിരുന്നു അത്. ഏറെ സൂക്ഷ്മതയോടെയും ബോധ്യത്തോടെയും ദേശീയ ഉത്തരവാദിത്തത്തോടെയുമാണ് ചിത്രം ഈ വിഷയത്തെ സമീപിക്കുന്നത്. ആ സംഭവങ്ങൾക്കു പിന്നിലെ മനുഷ്യവികാരങ്ങളും ധീരതയും നിശ്ചയദാർഢ്യവും പ്രേക്ഷകർക്ക് അടുത്തറിയാനാകും വിധമാണ് ചിത്രം ഒരുങ്ങുന്നത്. അണിയറപ്രവർത്തകരെ സംബന്ധിച്ച് ഇത് വെറുമൊരു സിനിമയല്ല. രാജ്യമെമ്പാടുമുള്ള പ്രേക്ഷകർ ഓർത്തിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും അനുഭവിച്ചറിയേണ്ടതുമായ ഒരു കഥ പറയാനുള്ള അവസരമാണ്.

ഒമ്പത് ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രം

ഹിന്ദിയിൽ ഒരുങ്ങുന്ന വമ്പൻ ചിത്രം ഒമ്പത് ഭാഷകളിലായാണ് പ്രേക്ഷകരിലെത്തുക. ദേശാഭിമാനത്തിലും കൂട്ടായ ഓർമയിലും വേരൂന്നിയ കഥ ഭാഷയുടെയും പ്രദേശത്തിന്റെയും അതിരുകളില്ലാതെ ഓരോ ഇന്ത്യക്കാരനിലും എത്തണമെന്നാണ് അണിയറപ്രവർത്തകരുടെ നിലപാട്. ചിത്രത്തിന്റെ പേര് തൽക്കാലം രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രത്യേക പ്രഖ്യാപനത്തിലൂടെ പേര് ഉടൻ പുറത്തുവിടുമെന്നും അത് രാജ്യമെമ്പാടുമുള്ള പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആകുമെന്നും അണിയറപ്രവർത്തകർ സൂചിപ്പിച്ചു.

2027 സ്വാതന്ത്ര്യദിനത്തിൽ തിയേറ്ററുകളിലേക്ക്

ചിത്രീകരണം വരും മാസങ്ങളിൽ ആരംഭിക്കും. രാജ്യത്തിന്റെ 81-ാം സ്വാതന്ത്ര്യദിനമായ 2027 ഓഗസ്റ്റ് 15-ന് ചിത്രം വൻ റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ദേശീയബോധവും ആഘോഷിക്കുന്ന ദിനം തന്നെ റിലീസിനായി തിരഞ്ഞെടുത്തതിന് പ്രത്യേക പ്രാധാന്യമുണ്ട്. വലിയ നിർമാണ മികവും ശക്തമായ പ്രമേയവും പ്രശസ്തനായ സംവിധായകനും ദേശീയമായും വൈകാരികമായും ഏറെ പ്രാധാന്യമുള്ള കഥയും ഒത്തുചേരുന്ന ചിത്രം, ഇതിനകം തന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

സിനിമയ്ക്കപ്പുറം, രാജ്യത്തിനുള്ള ആദരം

അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ പുണ്യമായ തുടക്കം മുതൽ 2027 സ്വാതന്ത്ര്യദിനത്തിലെ റിലീസ് വരെ, ബോക്സ് ഓഫീസ് കണക്കുകൾക്കപ്പുറമുള്ള ലക്ഷ്യമാണ് ചിത്രത്തിനുള്ളത്. ഇന്ത്യയുടെ ആത്മാവിനെ ആദരിക്കുന്ന, ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ തൊടുന്ന ഒരു ചലച്ചിത്ര സമർപ്പണമാണ് സംവിധായകൻ അർജുൻ സർജയുടെയും നിർമാതാവ് അനൂപ് മോഹന്റെയും വലിയ ലക്ഷ്യം. പേര് ഇപ്പോഴും രഹസ്യം. യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനി വരാനിരിക്കുന്ന പ്രഖ്യാപനത്തിനായി രാജ്യം മുഴുവൻ കാത്തിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു.

Content Highlights:  Director Arjun Sarja's multilingual film based on the Pahalgam terror attack and Operation Sindoor has commenced. Written by retired Army officer Major Vijay Bhargav, the film will be made in nine languages and is scheduled to release on August 15, 2027.

To advertise here,contact us