നടൻ എന്ന നിലയിൽ മാത്രമാണ് വിജയ്‌യെ അറിയുന്നത്, രാഷ്ട്രീയം നിരീക്ഷിച്ച് പറയുന്നത് എന്റെ ജോലിയല്ല;വിജയ് സേതുപതി

വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകളിൽ പ്രതികരിക്കാനില്ല; നിലപാട് വ്യക്തമാക്കി വിജയ് സേതുപതി

vijay sethupathi and vijay

ബിഗ് ബോസ് തമിഴ് സീസൺ 10-ൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ വിമർശിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ വിജയ് സേതുപതി. വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകളെയും പദ്ധതികളെയും നിരീക്ഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഒരു നടൻ എന്ന നിലയിൽ മാത്രമാണ് അദ്ദേഹത്തെ അറിയുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ഇറങ്ങാൻ തനിക്ക് താൽപര്യമില്ലെന്നും രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയണമെങ്കിൽ അവയെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു. ഗലാട്ട തമിഴ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

"ഒരു നടൻ എന്ന നിലയിലാണ് എനിക്ക് വിജയ് സാറിനെ അറിയാവുന്നത്. ഞാൻ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതികൾ പൂർണമായും അദ്ദേഹത്തിന്റേതാണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതല്ല എന്റെ ജോലി. എനിക്ക് വേറെ പണിയുണ്ട്. രാഷ്‌ട്രീയം ഒരിക്കലും ഒരു ആഗ്രഹമല്ല, അതൊരു സേവനമാണ്.

ഞാനത് പലവട്ടം പറഞ്ഞിട്ടുള്ളതാണ്. രാഷ്ട്രീയത്തിൽ വരണമെന്ന ആ​ഗ്രഹം എനിക്കില്ല. എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താണോ അത് ഞാൻ ചെയ്യും. അത് മതി എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെ വിലയിരുത്താൻ എനിക്ക് യാതൊരു മടിയുമില്ല. രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് മുൻപ് കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കണം.

ഇപ്പോൾ ഒരു സിനിമയെ കുറിച്ച് ചോദിച്ചാൽ എനിക്കത് പറയാൻ പറ്റും. എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ നന്നായി അറിഞ്ഞാലേ പറയാനാകൂ. അല്ലാത്തപക്ഷം, അതൊരു അപൂർണമായ പ്രതികരണമായി മാറും. രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല, എന്നാൽ അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ മാത്രം പ്രാപ്തനല്ല ഞാൻ".- വിജയ് സേതുപതി പറഞ്ഞു.

Content Highlights: Actor Vijay Sethupathi clarifies his position regarding actor Vijay's political stances. He states that he has no comments to make about Vijay's political views, making his stand clear amid discussions surrounding the actor's political journey.

To advertise here,contact us