'കിസ്സിങ് സീനുകൾ പങ്കാളിക്ക് ഇഷ്ടമല്ല, പക്ഷേ കഥാപാത്രത്തിന് ആവശ്യമെങ്കിൽ ചെയ്യാൻ പറയും'; വിശാഖ് നായർ

ഭാര്യയും ഭർത്താവും എന്ന ടാഗിനപ്പുറം നല്ലൊരു സൗഹൃദം നിലനിൽക്കുന്നതാണ് തങ്ങളുടെ ബന്ധത്തിന്റെ പ്രത്യേകതയെന്നും വിശാഖ് പറഞ്ഞു

Vishak Nair and Wife

തന്റെ ഏറ്റവും സ്വകാര്യമായ ചിന്തകളും അരക്ഷിതാവസ്ഥകളും തുറന്നുപറയാൻ കഴിയുന്ന വ്യക്തിയാണ് ഭാര്യയെന്ന് നടൻ വിശാഖ് നായർ. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ പരസ്പരം മനസിലാക്കാനും കളിയാക്കാനും വിമർശിക്കാനും സ്വാതന്ത്ര്യമുള്ള സൗഹൃദമാണ് തങ്ങൾക്കിടയിലുള്ളതെന്നും ഭാര്യയും ഭർത്താവും എന്ന ടാഗിനപ്പുറം നല്ലൊരു സൗഹൃദം നിലനിൽക്കുന്നതാണ് തങ്ങളുടെ ബന്ധത്തിന്റെ പ്രത്യേകതയെന്നും വിശാഖ് പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

'ലോകത്ത് മറ്റാരെക്കാളും കൂടുതൽ എന്നെ സത്യസന്ധമായി മനസിലാക്കുന്നത് അവളാണ്. എന്റെ ഏറ്റവും ഇൻസെക്യൂറായിട്ടുള്ള ചിന്തകളും വികാരങ്ങളുമെല്ലാം ഞാൻ പങ്കുവെക്കുന്നത് അവളുടെ അടുത്താണ്. ഒരു ബന്ധത്തിലാകുമ്പോൾ അതിൽ കുറച്ച് റീ-പാരന്റിങ്ങും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഉള്ളിലുള്ള കുട്ടിയെ പങ്കാളിയുടെ അടുത്ത് പുറത്തുകൊണ്ടുവരാൻ സാധിക്കും. അത്തരമൊരു അടുപ്പം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഒരു ബന്ധത്തിൽ പ്രധാനം', വിശാഖ് പറഞ്ഞു.

'ഒരു ബോയ്ഫ്രണ്ട്, ഗേൾഫ്രണ്ട്, ഹസ്ബൻഡ്, വൈഫ് എന്ന ടാഗിനപ്പുറം ഉള്ളിലുള്ളത് ഒരു ഫ്രണ്ട്ഷിപ്പാണ്. അവളുടെ അടുത്ത് എനിക്ക് ബ്രോ, ബോറടിക്കുന്നു എന്നൊക്കെ പറയാൻ പറ്റണം. അവൾക്കും എന്നെ അവളുടെ രീതിയിൽ കളിയാക്കാനും ട്രോൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്. നീ എന്റെ ഭാര്യയാണ്, എനിക്ക് ചായ എടുത്തുതരണം എന്നൊക്കെ പറഞ്ഞാൽ നടക്കില്ല', വിശാഖ് തമാശ രൂപേണ പറഞ്ഞു.

'സിനിമയിലെ കിസ്സിങ് സീനുകളൊന്നും അവൾക്ക് ഇഷ്ടമല്ലെന്ന് എനിക്കറിയാം. പക്ഷേ കഥാപാത്രത്തിന് ആവശ്യമുള്ള കാര്യമാണെങ്കിൽ നീ അത് ചെയ്യുമെന്ന് എനിക്കറിയാം, അതുകൊണ്ട് ചെയ്തോളൂ എന്നാണ് അവൾ പറയുന്നത്. ഒരു സീനിനോ കഥാപാത്രത്തിനോ അത്തരമൊരു രംഗം ആവശ്യമാകുന്നത് എന്തുകൊണ്ടാണെന്ന് അവൾക്ക് മനസിലാക്കിക്കൊടുക്കേണ്ടതും എന്റെ ഉത്തരവാദിത്വമാണ്', വിശാഖ് നായർ കൂട്ടിച്ചേർത്തു.

Content Highlights: Vishak Nair talks about her marriage life and his approach to movies

To advertise here,contact us