സ്വപ്നങ്ങള്‍ക്ക് അതിരുകളോ അതിര്‍ത്തികളോ ഇല്ലെന്ന വലിയ സന്ദേശം വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് പകരുകയാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പവന് സാദിനേനി സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം 'ആകാശംലോ ഒക താര' (ആകാശത്തില്‍ ഒരു താരകം). ഇന്ത്യയുടെ ശാസ്ത്ര-ബഹിരാകാശ മുന്നേറ്റങ്ങള്‍ക്ക് വഴികാട്ടികളായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, വിക്രം സാരാഭായ്, ബഹിരാകാശ സഞ്ചാരി കല്പന ചൗള എന്നിവര്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ചിത്രം. ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ആകാശത്തിനപ്പുറമുള്ള ലോകം സ്വപ്നം കാണുന്ന പെണ്‍കുട്ടിയുടെ യാത്രയിലൂടെ പ്രതീക്ഷയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെയും വലിയ കഥയാണ് സിനിമ പറയുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഗീത ആര്‍ട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകളാണ് അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച കല്പനയുടെ മനസ്സില്‍ ബഹിരാകാശത്തെക്കുറിച്ചുള്ള കൗതുകം വളരുന്നതും ഒരു ദിവസം ബഹിരാകാശ സഞ്ചാരിയാകണമെന്ന സ്വപ്നം അവള് നെഞ്ചേറ്റുന്നതുമാണ് ചിത്രത്തിന്റെ കഥയുടെ കാതല്‍. ചുറ്റുപാടുകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും അവളുടെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ തടസ്സങ്ങള്‍ തീര്‍ക്കുമ്പോഴും ആഗ്രഹം ഉപേക്ഷിക്കാന്‍ കല്പന തയ്യാറാകുന്നില്ല. എന്നാല്‍ ജീവിതത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങള്‍ അവളുടെ സ്വപ്നയാത്രയ്ക്ക് വെല്ലുവിളിയാകുന്നു. അപ്പോഴാണ് കൃഷ്ണ എന്ന കഥാപാത്രം അവളുടെ ജീവിതത്തിലേക്ക് എത്തുന്നത്. കല്പനയുടെ സ്വപ്നം തിരിച്ചറിയുന്ന കൃഷ്ണ അത് സാക്ഷാത്കരിക്കാന്‍ അവള്‍ക്കൊപ്പം നില്ക്കുന്നു. ഒരാളുടെ സ്വപ്നം മറ്റൊരാളുടെ ജീവിതലക്ഷ്യമായി മാറുന്ന മനോഹരമായ ബന്ധത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. പ്രതിഭയുള്ളവര്‍ക്ക് അവസരവും പിന്തുണയും ലഭിച്ചാല്‍ അസാധ്യമെന്ന് കരുതുന്ന ലക്ഷ്യങ്ങള്‍ പോലും നേടിയെടുക്കാനാകുമെന്ന പ്രചോദനാത്മകമായ ആശയമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്വപ്നങ്ങളെക്കുറിച്ചുള്ള വാക്കുകള്‍ ചിത്രത്തിന്റെ പ്രമേയത്തിന് വലിയ പ്രചോദനമാകുന്നു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന് അടിത്തറ പാകിയ വിക്രം സാരാഭായിയുടെ ദീര്‍ഘവീക്ഷണവും ബഹിരാകാശത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ കല്പന ചൗളയുടെ ജീവിതയാത്രയും സിനിമയുടെ ആശയലോകവുമായി ചേര്ന്നുനില്ക്കുന്നു. ഇവരുടെ ജീവിതങ്ങള്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ തുറന്നുവെക്കുന്ന വലിയ പാഠം ഇതാണ്: നമ്മള് എവിടെ ജനിക്കുന്നു എന്നതല്ല, എത്ര ഉയരത്തില്‍ സ്വപ്നം കാണുന്നു എന്നതാണ് പ്രധാനം. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്വപ്നങ്ങള്‍ക്കും അവസരങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ചിത്രം, സമൂഹത്തിന്റെ പരിമിതമായ ചിന്താഗതികളെ മറികടന്ന് സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നേറാനുള്ള പ്രചോദനവും നല്കുന്നു.
കൃഷ്ണയായി ദുല്‍ഖര്‍ സല്‍മാനും കല്പനയായി സാത്വിക വീരവല്ലിയും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. കല്പനയുടെ നിഷ്കളങ്കതയും സ്വപ്നങ്ങളോടുള്ള ആത്മാര്‍ഥതയും പോരാട്ടവീര്യവും സാത്വിക മനോഹരമായി അവതരിപ്പിക്കുമ്പോള്‍, അവളുടെ സ്വപ്നങ്ങള്‍ക്ക് കരുത്താകുന്ന കൃഷ്ണയായി ദുല്‍ഖറും ശ്രദ്ധേയമാകുന്നു. ശ്രുതി ഹാസന് അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും കഥയില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. റൂഹാനി ശര്‍മ, മുരളി ശര്‍മ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ ആഴം നല്കുന്നു. സുജിത് സാരംഗിന്റെ ഛായാഗ്രഹണവും ശ്വേത സാബു സിറിലിന്റെ പ്രൊഡക്ഷന്‍ ഡിസൈനും ചിത്രത്തിന്റെ ദൃശ്യലോകത്തിന് മിഴിവേകുന്നു.
പ്രണയവും കുടുംബബന്ധങ്ങളും സ്വപ്നങ്ങളും അതിജീവനവും ബഹിരാകാശ മോഹങ്ങളും ഇഴചേര്‍ത്തൊരുക്കിയ ഒരു ഇന്‍സ്പിരേഷണല്‍ ഡ്രാമയാണ് 'ആകാശംലോ ഒക താര'. സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് അസാധാരണമായ ലക്ഷ്യങ്ങളിലേക്കുള്ള യാത്ര പറയുന്ന ചിത്രം, വിജയത്തിലേക്കുള്ള പാതയില്‍ സ്നേഹത്തിന്റെയും പിന്തുണയുടെയും പ്രാധാന്യവും ഓര്‍മിപ്പിക്കുന്നു. മികച്ച പ്രകടനങ്ങളും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും പ്രചോദനാത്മകമായ പ്രമേയവും കൊണ്ട് കുടുംബപ്രേക്ഷകര്‍ക്കും യുവതലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമാനുഭവമായി ചിത്രം മാറുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്.
രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവന് സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാര്‍, എഡിറ്റര്‍: പ്രവീണ്‍ കെ.എല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശ്വേത സാബു സിറില്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചന്തു നിമ്മഗദ്ദ, സഹസംവിധായകന്: സുരേഷ് പരുച്ചൂരി, ലൈന്‍ പ്രൊഡ്യൂസര്‍: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷന്‍ ടീം: ബത്തലൂരി ലോകേഷ് കുമാര്‍, ജതിന് സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷന്‍ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വര്‍, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാര്‍, ചന്ദ്ര ശേഖര്‍ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേല്‍ കോതപ്പള്ളി, കൊങ്ക രോഹന്, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹന്‍ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനര്‍: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനര്‍: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനര്‍: അനില്‍ ഭാനു, വിഎഫ്എക്സ്: എഗൈ്വറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍: തൗഫീഖ് ഹുസൈന്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന് എം.
Content Highlights: 'Aakasamlo Oka Thara' serves as an inspiration for the younger generation to dream as high as the sky