'നീ ആദ്യമായി ശ്വാസമെടുത്ത നിമിഷം, ഞാൻ ഒരു പുതിയ മനുഷ്യനായി'; കുഞ്ഞുണ്ടായ സന്തോഷം പങ്കുവച്ച് സംഗീത് പ്രതാപ്

സംഗീത് കുഞ്ഞുണ്ടായ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിന്നു

കുറഞ്ഞകാലം കൊണ്ട് നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് സംഗീത് പ്രതാപ്. കഴിഞ്ഞ ദിവസമാണ് സംഗീത് പ്രതാപിനും ഭാര്യ ആന്‍സിക്കും ആദ്യ കണ്‍മണി പിറന്നത്. പ്രസവവേദനയിലൂടെ കടന്നുപോയ ഭാര്യയുടെ ധൈര്യത്തെക്കുറിച്ചും കുഞ്ഞിന്റെ ജനനനിമിഷത്തില്‍ തനിക്കുണ്ടായ വൈകാരിക അനുഭവങ്ങളെക്കുറിച്ചും സംഗീത് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കുഞ്ഞേ, ഏറ്റവും ചെറിയ കാര്യങ്ങളെപ്പോലും ഭയപ്പെട്ടിരുന്ന ഒരാളായിരുന്നു നിന്റെ അമ്മ. ഒരു സൂചി കണ്ടാല്‍പ്പോലും അവള്‍ കരഞ്ഞുപോകുമായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി, നിന്നെ ഈ ലോകത്തേക്ക് കൊണ്ടുവരാന്‍ അവള്‍ കാണിച്ച ധൈര്യം ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലുതായിരുന്നു.

ജീവിതത്തിന്റെ ഏറിയ പങ്കും സ്വന്തം കഴിവുകളെയും എടുക്കുന്ന ഓരോ തീരുമാനങ്ങളെയും സംശയിച്ചാണ് ഞാന്‍ മുന്നോട്ടുപോയത്. എന്നാല്‍ ഇന്നലെ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍ എനിക്ക് എടുക്കേണ്ടിവന്നു. വേദനകൊണ്ട് പുളയുമ്പോഴും അവളുടെ കൈ ചേര്‍ത്തുപിടിച്ച് അരികിലിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ ആകെ തോന്നിയത്, അതിനുമുമ്പ് അവളെ കുറച്ചുകൂടി സ്‌നേഹിക്കാമായിരുന്നല്ലോ എന്നായിരുന്നു.

നിന്റെ കുഞ്ഞുതല പുറത്തേക്ക് വരുന്നത് കണ്ട നിമിഷം, ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞുപോയി ഞാന്‍. ആ നിമിഷം, മൂന്ന് ഹൃദയങ്ങള്‍ ഒരേ താളത്തില്‍ മിടിക്കുന്നതുപോലെ തോന്നി. നീ ഇന്നലെ രാത്രിയാണ് ജനിച്ചതെന്ന് ആളുകള്‍ പറയും. പക്ഷേ, സത്യം അതല്ല. നീ ആദ്യമായി ശ്വാസമെടുത്ത ആ നിമിഷം, ഞാന്‍ ഒരു പുതിയ മനുഷ്യനായി വീണ്ടും ജനിക്കുകയായിരുന്നു…

സംഗീതിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നിരവധി ആരാധകരും സിനിമാ താരങ്ങളും ദമ്പതികള്‍ക്ക് ആശംസകളുമായി എത്തുന്നുണ്ട്. 'ഹലോ ഡിയര്‍' ആണ് സംഗീതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Content Highlights: Sangeeth Pratap shares the joy of having a baby on social media

To advertise here,contact us