മലയാളത്തിൽ പുറത്തിറങ്ങി ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം കേരളത്തിൽ വലിയ വിജയമായതിന് പിന്നാലെ അജയ് ദേവ്ഗണിനെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ആഗോളതലത്തിൽ തന്നെ ഹിന്ദി പതിപ്പ് വലിയ രീതിയിൽ ശ്രദ്ധ നേടി.
ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടിയിൽ റിലീസായതിന് പിന്നാലെയാണ് ഈ ഫ്രാഞ്ചൈസിയുടെ തുടക്കം മലയാളത്തിൽ നിന്നാണെന്ന് പല ഹിന്ദി പ്രേക്ഷകർക്കും മനസിലായത്. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വ്യത്യാസങ്ങളേതുമില്ലാതെയാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതെങ്കിൽ മൂന്നാം ഭാഗത്തിന്റെ കാര്യത്തിൽ മലയാളത്തിലും ഹിന്ദിയിലും വ്യത്യസ്തമായ തിരക്കഥകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്.
മെയ് 21നാണ് മലയാളത്തിൽ ദൃശ്യം 3 പുറത്തിറങ്ങുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ കളക്ഷൻ നേടിയെങ്കിലും സമ്മിശ്ര അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും നേടിയത്. സിനിമയിലെ ട്വിസ്റ്റുകൾ അത്ര മികച്ചതായില്ലെന്നും പല കഥാപാത്രങ്ങളും ഡെവലപ്പ് ചെയ്തതിൽ പാളിപ്പോയെന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു.
മൂന്നാം ഭാഗത്തിന്റെ തിരക്കഥയുടെ അവസാന ഭാഗങ്ങൾ ബോളിവുഡിലെ ദൃശ്യം ടീമിന് വർക്കായില്ലെന്നും, അതുകൊണ്ട് അവർ തങ്ങളുടേതായ രീതിയിലാണ് ചിത്രം ഒരുക്കുന്നത് എന്നും ജീത്തു ജോസഫ് റിലീസിന് പിന്നാലെ പറഞ്ഞിരുന്നു. ദൃശ്യം 2ന്റെ മലയാളം, ഹിന്ദി പതിപ്പുകളിലും വ്യത്യാസമുണ്ടായിരുന്നു. ഇതോടെ ബോളിവുഡ് പ്രേക്ഷകർ മാത്രമല്ല മലയാളികളും ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഒക്ടോബര്‍ 2നാണ് ദൃശ്യം 3യുടെ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അഭിഷേക് പഥകിന്റെ തിരക്കഥയും സംവിധാനവും ഏറെ മികച്ചുനില്ക്കുന്നു എന്നാണ് പ്രതികരണങ്ങള്‍. മലയാളത്തേക്കാള്‍ മികച്ച രീതിയിലാണ് ഹിന്ദി പതിപ്പിന്റെ തിരക്കഥയെന്നും മികച്ച തിയേറ്റര്‍ മൊമെന്റുകള്‍ സമ്മാനിച്ചെന്നും നിരവധി പേര് അഭിപ്രായപ്പെടുന്നുണ്ട്. അത്യപൂര്‍വ്വമായാണ് മലയാളത്തേക്കാള്‍ മികച്ചൊരു റീമേക്ക് ഹിന്ദിയില്‍ വരുന്നതെന്ന് വരെ കമന്റുകളുണ്ട്. അതേസമയം, രണ്ട് ചിത്രങ്ങളും കേന്ദ്ര കഥാപാത്രത്തെ വ്യത്യസ്തമായ രീതിയിലാണ് സമീപിച്ചതെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
Content Highlights: Drishyam 3 Hindi or Malayalam is better, heated discussions are happening in social media