കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയുടെ കഥ ആദ്യം പറഞ്ഞത് ദുൽഖർ സൽമാനോട് ആയിരുന്നുവെന്ന് ജി മാർത്താണ്ഡൻ. ദുൽഖറിന്റെ വീട്ടിൽ ചെന്ന് മുഴുവൻ കഥയും പറഞ്ഞ് അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും പിന്നീട് അത് ചെയ്യാൻ ഒരു പേടി ആയത് കാരണം താൻ അത് പൃഥ്വിരാജിലേക്ക് വിട്ടെന്നും മാർത്താണ്ഡൻ പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് മാർത്താണ്ഡൻ ഇക്കാര്യം പറഞ്ഞത്.
'ഷാജോൺ ആദ്യം ബ്രദേഴ്സ് ഡേയുടെ കഥ എന്നോടാണ് ആദ്യം പറഞ്ഞത്. ഞങ്ങൾ ഇത് ആദ്യം ദുൽഖറിനോട് പറഞ്ഞു, അവിടെ ദുൽഖറിന്റെ വീട്ടിലിരുന്ന് മുഴുവൻ കഥ കേട്ടു. പറയാമെന്ന് പറഞ്ഞിട്ട് പിന്നീട് എന്നോട് പറഞ്ഞു നല്ല സബ്ജക്ട് ആണ് പക്ഷേ ദുൽഖറിന് അത് ചെയ്യാൻ ഒരു പേടി, കാരണം ഹ്യുമർ കൂടുതൽ ഉള്ള പടമായിരുന്നു. എന്നിട്ട് ഞാൻ ഷാജോണിനോട് പറഞ്ഞു നീ രാജുവിനോട് പോയി സ്ക്രിപ്റ്റ് പറ കാരണം ഞാൻ പാവാട കഴിഞ്ഞ് ഇരിക്കുന്ന സമയമാണ്. എന്നിട്ട് ഷാജോൺ എന്നെ വിളിച്ച് പറഞ്ഞു ചേട്ടാ എന്നോട് സംവിധാനം ചെയ്യാനാണ് പറഞ്ഞത്. മലയാള സിനിമയ്ക്ക് ഒരു സംവിധായകനെ ദാനം ചെയ്ത ആളാണ് ഞാൻ', ജി മാർത്താണ്ഡൻ പറഞ്ഞു.
അതേസമയം, ജി മാർത്താണ്ഡ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന സിനിമ ഈ മാസം തിയേറ്ററുകളിൽ എത്തും. പോളി വത്സൻ, ടിനി ടോം, മനോജ് കെ യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, അച്ഛാ ദിൻ, പൃഥ്വിരാജ് നായകനായ സൂപ്പർ ഹിറ്റ് ചിത്രം പാവാട, കുഞ്ചാക്കോ ബോബൻ നായകനായ ജോണി ജോണി യെസ് അപ്പ, റോഷൻ മാത്യു- ഷൈൻ ടോം ചാക്കോ ടീം വേഷമിട്ട മഹാറാണി എന്നിവക്ക് ശേഷം ജി മാർത്താണ്ഡൻ ഒരുക്കുന്ന ആറാമത്തെ ചിത്രമാണ് "ഓട്ടം തുള്ളൽ".
Content Highlights: G Marthandan says shajon narrated script of brothers day to dulquer salman