ദീപികയ്ക്കും ആലിയയ്ക്കും ശേഷം മമിത! കൂട്ടുകാരിയുടെ വിജയത്തിൽ സന്തോഷമെന്ന് അനശ്വര രാജൻ

മമിതയ്ക്ക് തുടർച്ചയായ 200 കോടി ക്ലബ്ബ് റെക്കോർഡ്; അഭിനന്ദനങ്ങളുമായി അനശ്വര രാജൻ

ഓണം റിലീസായി തിയേറ്ററുകളിലെത്തി 250 കോടി കളക്ഷനും കടന്ന് ബോക്‌സ് ഓഫീസിൽ വമ്പൻ മുന്നേറ്റം തുടരുകയാണ് നിവിൻ പോളി-ഗിരീഷ് എ.ഡി. ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. ഇന്ത്യൻ സിനിമയിൽ ദീപിക പദുകോണിനും ആലിയ ഭട്ടിനും ശേഷം തുടർച്ചയായി മൂന്ന് 200 കോടി ചിത്രങ്ങളുടെ ഭാഗമാകുന്ന നായികയെന്ന നേട്ടമാണ് മമിത സ്വന്തമാക്കിയിരിക്കുന്നത്. മമിതയെ അഭിനന്ദിക്കുന്ന അനശ്വരയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അനശ്വരയുടെ വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഇവന്റിനിടെയായിരുന്നു നടിയുടെ പ്രതികരണം. ദീപികയ്ക്കും ആലിയ ഭട്ടിനും ശേഷം ഇന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായി മൂന്ന് ഇരുനൂറ് കോടി താരമായി മമിത മാറിയല്ലോ ഇതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനശ്വര."മമിതയുടെ ഈ വലിയ വിജയത്തിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. നല്ല ടീമിനെയും മികച്ച പ്രൊജക്ടുകളെയും കൃത്യമായി തിരഞ്ഞെടുക്കാൻ അവൾക്ക് സാധിക്കുന്നുണ്ട്. ഞങ്ങൾ രണ്ടുപേരും എപ്പോഴും പരസ്പരം പിന്തുണയ്ക്കുന്ന നല്ല സുഹൃത്തുക്കളാണ്," അനശ്വര പറഞ്ഞു.

അതേസമയം, തിയേറ്ററുകളിൽ റിലീസ് ചെയ്ത് 18 ദിവസം പിന്നിടുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ 270 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. മോഹൻലാൽ–പൃഥ്വിരാജ് ചിത്രമായ ‘എമ്പുരാന്റെ’ റെക്കോർഡ് ഇതോടെ തകർന്നു. 268 കോടി ആയിരുന്നു എമ്പുരാന്‍റെ ആജീവനാന്ത ആഗോള ഗ്രോസ്. വെറും 18 ദിവസം കൊണ്ടാണ് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഈ റെക്കോർഡ് വെട്ടിയത്. 304 കോടിയുമായി ‘ലോക’യാണ് മലയാളത്തിലെ പണംവാരി ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ ഈ സൂപ്പര്‍ഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്‌സ് ഓഫീസ് ചരിത്രം കുറിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.

Content Highlights: Mamitha has reportedly achieved a notable box office milestone with consecutive films entering the ₹200 crore club. Actress Anaswara Rajan congratulated Mamitha on the achievement, which marks a significant record in Malayalam cinema and highlights her recent success at the box office.

To advertise here,contact us