'പ്രണവ് ഒരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്, ഏതാണെന്ന് അറിയില്ല, ഡീയസ് ഈറെ പോലും ഞാൻ അറിഞ്ഞിരുന്നില്ല; സുചിത്ര

'ഡീയസ് ഇറെ' ചെയ്യുന്നത് പോലും അറിഞ്ഞത് വൈകി, രാഹുൽ സദാശിവനുമായി പ്രണവ് എങ്ങനെ കണക്ടായി എന്ന് അറിയില്ലെന്ന് സുചിത്ര മോഹൻലാൽ

നടൻ പ്രണവ് മോഹൻലാലിന്റെ പുതിയ യാത്രാ പദ്ധതികളെക്കുറിച്ചും സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും തുറന്ന് പറഞ്ഞ സുചിത്ര മോഹൻലാൽ. പ്രണവ് നിലവിൽ ചെന്നൈയിലുണ്ടെന്നും ഉടൻ തന്നെ ലണ്ടനിലേക്ക് തിരിക്കുമെന്നും അവർ വ്യക്തമാക്കി. എന്ന് തിരിച്ചുവരുമെന്ന പ്ലാൻ പ്രണവിന് പോലും ധാരണ ഉണ്ടാവില്ലെന്നും സുചിത്ര പറഞ്ഞു. പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞെങ്കിലും അത് ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്ന് സുചിത്ര വ്യക്തമാക്കി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഇപ്പോള്‍ അവന്‍ ചെന്നൈയില്‍ ഉണ്ട്. അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് പോകും. അവിടെ എന്തോ മ്യൂസിക്ക് ഫെസ്റ്റോ മറ്റോ ഉണ്ടെന്ന് പറഞ്ഞു. എപ്പോഴാണ് തിരിച്ചുവരുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ രണ്ടുമാസം, അല്ലെങ്കില്‍ അതില്‍കൂടുതല്‍ ആകുമെന്നാണ് പറഞ്ഞത്. വണ്‍വേ ടിക്കറ്റാണല്ലോ എടുക്കുന്നത്. (ചിരി). ആ ഒരു രീതിയിലാണ് പോക്ക്. തിരിച്ച് എപ്പോള്‍ വരുമെന്ന് അറിയില്ല.

പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞു. ഏതാണെന്നൊന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ അത് നോക്കാറേ ഇല്ല. ഡീയസ് ഇറെയുടെ കാര്യം തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല. രാഹുലുമായി അവന്‍ എങ്ങനെ കണക്ടായി എന്ന് പോലും അറിയില്ല. പിന്നെ അവന്‍ തന്നെ ഇതൊക്കെ ഹാന്‍ഡില്‍ ചെയ്യാനുള്ള സമയമായല്ലോ,’ സുചിത്ര പറഞ്ഞു. 

പ്രണവിനും വിസ്മയയ്ക്കും മലയാള ഭാഷയോടുള്ള പരിജ്ഞാനത്തെക്കുറിച്ചും, മകളുടെ സിനിമാ പ്രവേശനം വൈകുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും സുചിത്ര മോഹൻലാൽ പറഞ്ഞു. ചെറുപ്പത്തിലേ ഹോസ്റ്റലിൽ പഠിച്ചതും വീട്ടിൽ ഇംഗ്ലീഷ് സംസാരിച്ചതുമാണ് മക്കളുടെ മലയാളം മെച്ചപ്പെടാതിരുന്നതിന് കാരണമെന്നും അതിന് ഉത്തരവാദി താൻ കൂടിയാണെന്നും സുചിത്ര മോഹൻലാൽ പറഞ്ഞു.

Content Highlights: Suchitra Mohanlal spoke about her son Pranav Mohanlal's film career and his recent trip to London. Her comments offer insights into Pranav's professional journey and personal life, including his interests beyond cinema.

To advertise here,contact us