'എനിക്ക് നഷ്ടപ്പെട്ടത് അനുജനെ മാത്രമല്ല,വലംകൈ കൂടെയാണ്',കലാഭവൻ നവാസ് വിടപറഞ്ഞിട്ട് 1 വർഷം, കുറിപ്പുമായി നിയാസ്

നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസ് വിടപറഞ്ഞിട്ട് 1 വർഷം

കലാഭവന്‍ നവാസിന്റെ വേര്‍പാട് ഇന്നും മലയാളിയ്ക്ക് പൂര്‍ണമായും ഉള്‍ക്കൊള്ളാനായിട്ടില്ല. കരിയറിന്റെ രണ്ടാം പാതിയിലേക്ക് കടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി മരണം നവാസിനെ തേടിയെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. ഇപ്പോഴിതാ കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം തികയുകയാണ്. നവാസിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പ് പങ്കിടുകയാണ് കലാകാരനേയും നവാസിന്റെ സഹോദരനും കൂടിയായ നിയാസ് ബക്കർ.

'ഞങ്ങളുടെ നവാസ് വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷം തികയുകയാണ്. എനിക്ക് നഷ്ടപ്പെട്ടു പോയത് ഒരു അനുജൻ മാത്രമല്ല. എന്നേക്കാൾ രണ്ട് വയസിനു മാത്രം വ്യത്യാസമുള്ള അവൻ എനിക്കൊരു കളിക്കൂട്ടുകാരൻ കൂടിയായിരുന്നു. അല്പം കൂടി മുതിർന്നപ്പോൾ തൊഴിൽ രംഗത്തും ഒരു സഹപ്രവർത്തകനായി കൂടെത്തന്നെയുണ്ടായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും തീരുമാനമെടുക്കുമ്പോൾ എന്റെ ബലം നവാസും നിസാമുമായിരുന്നു. എന്റെ വലം കൈ ആണ് പോയത്. മരണം സർവ്വേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണല്ലോ അതുമായി പൊരുത്തപ്പെടലല്ലാതെ നിസാരരായ നമുക്ക് മറ്റു വഴികളില്ല.

ഉമ്മച്ചിയുടെ ശരീരത്തിൽ നിന്നും ഞങ്ങളെ വേർപ്പെടുത്തിയതിന്റെ അടയാളങ്ങൾ എന്റേയും നവാസിന്റെയും നിസാമിന്റെയും അടിവയറിനു മുകളിൽ ഒരു പൊക്കിൾകുഴിയായി സർവ്വശക്തൻ അടയാളപ്പെടുത്തിയിട്ടുണ്ട്. എത്ര മായ്ച്ചാലും മായ്ക്കാൻ കഴിയാത്ത അടയാളങ്ങൾ.മണ്ണോടു ചേരും വരെയും ആ അടയാളത്തിന്റെ അടിവേരുകൾ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി നിൽക്കും. അത് തിരിച്ചറിയിക്കാൻ കൂടെപ്പിറന്നവർക്ക് പ്രകടനപരമായി ഒന്നും ചെയ്യേണ്ടതില്ല. ചെയ്യുകയുമില്ല. തിരഞ്ഞു വരുന്നവർക്ക് ബന്ധത്തിന്റെ തീവ്രത സൂചിപ്പിക്കാൻ അതിലും വലിയ അടയാളങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തിരിച്ചറിവ് മാത്രം മതി.

മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കും. കൂടപ്പിറപ്പുകൾ നഷ്ടപ്പെട്ട സഹോദരങ്ങൾക്കും. നഷ്ടപ്പെട്ടവർ നമുക്കൊപ്പമുണ്ടെന്ന ബോധ്യപ്പെടുത്തലിന്റെ ഈ ആശ്വാസക്കുറിപ്പല്ലാതെ മറ്റൊന്നും എനിക്കിന്ന് നൽകാനില്ല. പ്രിപ്പെട്ടവരുടെ പ്രാർത്ഥനയിൽ അവനെപ്പോഴും ഉണ്ടാകാറുണ്ട്. എങ്കിലും ഓർമ്മപ്പെടുത്തുകയാണ് ഇന്നാണ് നമ്മുടെ നവാസ് മരണപ്പെട്ടിട്ട് ഒരു വർഷം തികയുന്നത്. ഇന്നത്തെ പ്രാർത്ഥനയിൽ അവനെ പ്രത്യേകം ഓർക്കുമല്ലോ…' നിയാസ് കുറിച്ചു.

Content Highlights: A year after the demise of actor and mimicry artist Kalabhavan Navas, his brother Niyas Backer has paid an emotional tribute through a heartfelt note. The post has touched fans and colleagues, who continue to remember Navas for his contributions to Malayalam cinema and the mimicry stage.

To advertise here,contact us