മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു നടൻ കൊച്ചിൻ ഹനീഫ. കോമഡിയിലൂടെ തുടങ്ങി വിവിധ ഭാവങ്ങളുമായി മലയാളി മനസിൽ കുടിയേറിയതിനൊപ്പം തന്നെ അദ്ദേഹം സംവിധായകനും തിരക്കഥാകൃത്തുമായി കൂടി തിളങ്ങിയിരുന്നു. 2010ലായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. അന്ന് മലയാള സിനിമാ പ്രേക്ഷകരെല്ലാം കണ്ണീരോടെയാണ് കൊച്ചിൻ ഹനീഫയ്ക്ക് വിടചൊല്ലിയത്.
ഇപ്പോൾ വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് ഏറെ സന്തോഷം നിറഞ്ഞ ദിവസം വന്നുചേർന്നിരിക്കുകയാണ്. കൊച്ചിൻ ഹനീഫയുടെ സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് ഭാര്യ ഫാസിലയും മക്കളായ സഫയും മർവയും നടന്നടുത്തിരിക്കുകയാണ്.
തന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ സ്വന്തം വീടൊരുക്കണമെന്ന് കൊച്ചിൻ ഹനീഫ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിൻ ഹനീഫ വിടവാങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കൾ ചില നിയമപ്രശ്നങ്ങളിൽ കുടുങ്ങികിടക്കുകയായിരുന്നു.
മക്കൾക്ക് 18 വയസായതോടെ ആ സ്വത്തുക്കളിലെ നിയമപ്രശ്നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം ആഗ്രഹിച്ചത് പോലെ വീട് പണിയാൻ കഴിഞ്ഞെന്നും ഭാര്യ ഫാസില മാധ്യമങ്ങളോട് പറഞ്ഞു. ആരുടെ മുന്നിലും തല കുനിക്കാൻ ഇഷ്ടപ്പെടാത്തയാളാണ് കൊച്ചിൻ ഹനീഫയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്ന് തന്നെ വീടൊരുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
താൻ പണിയുന്ന വീടിന് പിതാവ് എബി മുഹമ്മദിന്റെ പേര് നൽകണമെന്ന കൊച്ചിൻ ഹനീഫയുടെ സ്വ്പനവും കുടുംബം നിറവേറ്റിയിട്ടുണ്ട്. കൊച്ചിയിൽ വെണ്ണല അംബേദ്കർ റോഡിൽ പണിതിരിക്കുന്ന വീടിന് 'കൊച്ചിൻ ഹനീഫാസ് എബി മൻസിൽ' എന്നാണ് പേര് നൽകിയിരിക്കുന്നത്.
Content Highlights: Actor Cochin Haneefa's family builds their own home after 16 years of struggle