ആ സിനിമ പരാജയമാണെന്ന് പറഞ്ഞോളൂ കുഴപ്പമില്ല, ഞാനും അതിന്റെ ഒരു പ്രൊഡ്യൂസർ ആയിരുന്നു: കുഞ്ചാക്കോ ബോബൻ

'എനിക്ക് പ്രത്യേകം PR വർക്ക് ചെയ്യേണ്ടി വന്നിട്ടില്ല'

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയ സിനിമയാണ് ഒരു ദുരൂഹ സാഹചര്യത്തിൽ. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയ്ക്ക് തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ OTT റിലീസിന് പിന്നാലെ സിനിമയ്ക്കും കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിച്ചു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് റിപ്പോർട്ടർ ഫിലിംസിനോട് മനസുതുറക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ചിത്രത്തിനെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് തമാശരൂപേണ മറുപടി പറയുകയായിരുന്നു താരം. 'അല്ല പറഞ്ഞോളൂ പരാജയപ്പെട്ട സിനിമ ആണെന്ന്, എനിക്ക് വിഷമമില്ല. ഞാനും കൂടി അതിന്റെ ഒരു പ്രൊഡ്യൂസർ ആയിരുന്നത് കൊണ്ട് എനിക്ക് അറിയാം. തിയേറ്ററിൽ ആ സിനിമ കണ്ടവർ അതിനെ പറ്റി സംസാരിക്കുകയും അത് സ്വീകരിക്കുകയും ചെയ്തിരുന്നു. OTT യിൽ വന്നതിന് ശേഷമാണ് ആ സിനിമ കൂടുതൽ ആളുകൾ കണ്ടതും അതിനെപ്പറ്റി കൂടുതൽ എടുത്തുപറയുകയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് അതിന് എനിക്ക് പ്രത്യേകം PR വർക്ക് ചെയ്യേണ്ടി വന്നിട്ടില്ല', നടന്റെ വാക്കുകൾ.

തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ നടന്റെ ട്രാൻസ്ഫോർമേഷൻ സീനുകളും ഡയലോഗ് ഡെലിവെറിയുമെല്ലാം കയ്യടി വാരിക്കൂട്ടുന്നുണ്ട്. ഈ വർഷം കണ്ടതിൽ ഏറ്റവും ബെസ്റ്റ് പെർഫോമൻസ് ആണ് സിനിമയിലെ ചാക്കോച്ചന്റെ പ്രകടനം എന്നാണു കമന്റുകൾ. നടൻ ഞെട്ടിച്ചെന്നും ചിലർ സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്യുന്നുണ്ട്. സിനിമയ്ക്കും മികച്ച അഭിപ്രായം ആണ് ലഭിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് നിരാശപ്പെടുത്തി എങ്കിലും ചിത്രം മുഷിപ്പിക്കുന്നില്ല എന്നാണ് അഭിപ്രായങ്ങൾ.

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, രാജേഷ് മാധവൻ, ഷാഹി കബീർ, പി.പി. കുഞ്ഞികൃഷ്ണൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിച്ചത്.

Content Highlights: Kunchacko Boban has spoken openly about the failure of a film he co-produced, stating that he has no hesitation in calling it a failure if that is how audiences perceive it. His candid remarks have drawn attention for their honesty and accountability.

To advertise here,contact us