മോഹൻലാലിന്റെ ശബ്ദം ചോദിച്ച സിനിമ,ഡേറ്റ് കിട്ടിയപ്പോൾ സ്ക്രിപ്റ്റ് പൊളിച്ചു,' പരാജയെത്തെക്കുറിച്ച് ഷാജി കൈലാസ്

ഇദ്ദേഹത്തിനെ 9 ദിവസം കിട്ടിയപ്പോൾ, ആ കഥാപാത്രത്തെ വലുതാക്കിയപ്പോൾ ബാക്കിയെല്ലാം കുറേ കട്ട് ചെയ്യേണ്ടി വന്നു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ ഷാജി കൈലാസ് കൂട്ടുകെട്ട്. രാഷ്ട്രീയ നായകന്‍മാരുടെ ഗര്‍ജ്ജനവും തീപ്പൊരി ഡയലോഗുകളുമായിരുന്നു ഷാജി കൈലാസിന്റെ സ്ഥിരം ശൈലി. 1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന് വേണ്ടിയാണ് ഇവര്‍ ആദ്യമായി ഒരുമിച്ചത്. സിനിമ സൂപ്പർ ഹിറ്റായിരുന്നു. എന്നാൽ വന്‍ ഹൈപ്പിലും ബഡ്ജറ്റിലും പുറത്തിറങ്ങി പ്രേക്ഷകരെ നിരാശപ്പെടുത്തിയ സിനിമകളിലൊന്നാണ് 2009 ല്‍ റിലീസായ 'റെഡ് ചില്ലീസ്'.

ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പറയുകയാണ് ഷാജി കൈലാസ്. മോഹൻലാലിന്റെ ശബ്ദം മാത്രം ചോദിച്ച സിനിമ ആയിരുന്നു 'റെഡ് ചില്ലീസ്' എന്നും എന്നാൽ മോഹൻലാൽ ഡേറ്റ് നൽകിയപ്പോൾ സ്ക്രിപ്റ്റിന്റെ ബസ് പൊളിച്ചുവെന്നും അദ്ദേഹത്തിന് കൂടുതൽ സ്ക്രീൻ സ്പെയ്സ് നൽകിയപ്പോൾ സിനിമ പരാജയമായി പോയെന്നും ഷാജി കൈലാസ് പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'രണ്ട് ദിവസത്തെ കഥാപാത്രമാണ് ഒഎംആർ. ടെലിഫോൺ വഴി മാത്രമുള്ള കഥാപാത്രമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ലാലിന്റെ അടുത്ത് സംസാരിച്ചത്. ലാലിന്റെ ശബ്ദം മാത്രമാണ് നമ്മൾ ചോദിച്ചത്. അപ്പോൾ ലാൽ പറഞ്ഞു, വേണ്ട ഞാൻ നേരിട്ട് വരാം, നമുക്ക് ചെയ്യാം എന്ന്.എന്നാൽ രണ്ട് ദിവസം മതിയെന്ന് നമ്മൾ പറഞ്ഞു. ചൈനയിലെവിടെയോ ചെയ്യേണ്ട അദ്ദേഹത്തിന്റെ ഒരു ഷൂട്ട് മാറി. അപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ ഫ്രീയാണ് കേട്ടോ എന്ന്.

അന്നേരം തന്നെ ഞാൻ സാജനോട് പറഞ്ഞു. അങ്ങനെ പിടിച്ച് പിടിച്ച് ഒൻപത് ദിവസം ഷൂട്ട് ചെയ്തു. ശബ്ദം ചോദിച്ച് ചെന്ന് ശരീരം കൊണ്ട് 9 ദിവസം അദ്ദേഹം ഞങ്ങളുടെ കൂടെ നിന്നു. അപ്പോൾ കഥാപാത്രമൊക്കെ മാറണ്ടേ. അങ്ങനെ നമ്മൾ കഥയുടെ ബേസ് പൊളിച്ചു. ഇദ്ദേഹത്തിനെ 9 ദിവസം കിട്ടിയപ്പോൾ, ആ കഥാപാത്രത്തെ വലുതാക്കിയപ്പോൾ ബാക്കിയെല്ലാം കുറേ കട്ട് ചെയ്യേണ്ടി വന്നു. അദ്ദേഹത്തെ ഉപയോ​ഗിക്കേണ്ട സമയമാണ്. അദ്ദേഹം അത് തന്നിരിക്കുകയാണ്. ലാലിന് കുറേ സീനുകള്‍ നല്‍കി. പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിയത് സിനിമയെ മൊത്തത്തില്‍ ബാധിച്ചു,’ ഷാജി കൈലാസ് പറയുന്നു.

Content Highlights: Director Shaji Kailas has spoken about the commercial performance of Red Chillies, starring Mohanlal, sharing his perspective on why the film did not achieve the expected success despite its ambitious presentation. The filmmaker reflected on the challenges surrounding the project and the audience response to the 2009 crime thriller.

To advertise here,contact us