ജീവിതത്തില്‍ ഒരുഘട്ടം വിചാരിച്ചത് തന്റെ ജീവിതം സിനിമയുമായി മാത്രം ചുറ്റിപ്പറ്റി നില്ക്കുന്ന ഒന്നാണെന്നായിരിന്നുവെന്ന് ഭാവന. സിനിമ ചെയ്തില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യും എന്ന രീതിയിലുള്ള ഒരു ഒബ്സെഷന് വന്നുപോയിരുന്നുവെന്നും താരം പറയുന്നു. ബിന്ദു നായര്‍ ആന്‍ഡ് 30 എന്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.
'ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടം എത്തുന്നതുവരെ ഞാന്‍ വിചാരിച്ചിരുന്നത് എന്റെ ജീവിതം സിനിമ മാത്രമാണെന്ന്. സിനിമ ചെയ്തില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യും എന്ന രീതിയിലുള്ള ഒരു ഒബ്സെഷന് വന്നുപോയിരുന്നു. പക്ഷേ സിനിമ അത്ര എളുപ്പമല്ല. പല കാരണങ്ങള്‍ കൊണ്ട് അവസാന നിമിഷം നമുക്ക് ഉറപ്പായ പ്രൊജക്ടുകള്‍ പോലും കൈവിട്ടുപോയേക്കാം. പലരുടെയും വ്യക്തിപരമായ താത്പര്യങ്ങള്‍ കാരണവും സിനിമകള്‍ മാറിപ്പോകാം.
ചിലപ്പോള്‍ ഒരു സിനിമയുടെ വിജയം നിങ്ങളുടെ ജീവിതം മാറ്റാം, അതുപോലെ തന്നെ അതിന്റെ പരാജയവും നമ്മുടെ ജീവിതത്തെ മാറ്റാം. പിന്നെ ഒരു ഫീമെയില്‍ ആക്ടര്‍ എന്ന രീതിയില്‍ നമുക്ക് എപ്പോഴും റെലവന്റ് ആയിട്ട് നില്ക്കാന് പറ്റില്ല. നമ്മള് വിചാരിക്കുന്ന പോലത്തെ കാരക്ടേഴ്സ് നമുക്ക് കിട്ടി എന്ന് വരില്ല.
അവിടെ നമുക്ക് ഒരു മാര്‍ക്കറ്റ് വാല്യു അത്യാവശ്യമാണ്. അത് ഒരു ഫീമെയില്‍ ആക്ടറെ സംബന്ധിച്ചിടത്തോളം നിലനിര്‍ത്തുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. കാരണം സിനിമ ഒരു മെയില്‍ ഡോമിനേറ്റഡ് ഇന്‍ഡസ്ട്രിയാണ്, അത് അതിന്റെ യാഥാര്‍ഥ്യവുമാണ്. ഒരു പോയിന്റ് വരെ ഇതൊക്കെ എന്നെ ബാധിക്കുമായിരുന്നു.
എന്റെ കരിയറില്‍ നടക്കുന്നതെല്ലാം എന്റെ ജീവിതത്തെക്കൂടി ബാധിക്കുമായിരുന്നു. എന്നാല്‍ പിന്നീട് എനിക്ക് മനസിലായി ഈ സിനിമ എന്ന് പറയുന്നത് എന്റെ ജീവിതമല്ല, മറിച്ച് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന്. അത് തിരിച്ചറിഞ്ഞ് ഇപ്പോള്‍ എന്റെ മുന്‍ഗണന ഒരു സമാധാനപരമായ, ആരോഗ്യപരമായ ജീവിതത്തിനാണ്.
അതില്‍ നല്ല സിനിമകളും കഥാപാത്രങ്ങളും വരുകയാണെങ്കില്‍ ചെയ്യാം എന്നല്ലാതെ ഞാന്‍ ഇപ്പോള്‍ ആ റേസില്‍ പങ്കെടുക്കുന്നില്ല. എനിക്ക് തോന്നുന്നു ഫീമെയില്‍ ആക്ടേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു പോയിന്റില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ ചിന്തകളൊക്കെ മാറും. എന്റെ 20-കളില്‍ ഒക്കെ ഇതൊക്കെ എന്നെ പെട്ടെന്ന് ബാധിക്കുമായിരുന്നു.
പക്ഷേ ഇപ്പോള്‍ എല്ലാം വരുന്നതുപോലെ വരട്ടെ എന്നാണ്. ഇപ്പോള്‍ എല്ലാ മാസവും സിനിമ ചെയ്യണം എന്നൊന്നുമില്ല. പറയുന്ന ഒരുപാട് പ്രൊജക്ടുകളുണ്ട്. നമ്മള് അത്രയും ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒന്നോ രണ്ടോ പ്രൊജക്ടുകളാണെങ്കില് പോലും ഞാന്‍ ഹാപ്പിയാണ്.
കാരണം സിനിമ കമ്മിറ്റ് ചെയ്തിട്ട് പിന്നെ വേണ്ടായിരുന്നു എന്ന തോന്നല്‍ വരാന്‍ പാടില്ല. ഒരുപക്ഷേ സിനിമ ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് എന്ന തോന്നല്‍ കൊണ്ടായിരിക്കാം അത്'.- ഭാവന പറഞ്ഞു.
Content Highlights: Actress Bhavana states that cinema is not her entire life, but merely a part of it. She also mentioned that she had once developed an obsession, wondering what she would do if she were not working in films.